ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: തട്ടിപ്പുകള്‍ പലവിധം; വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ  ശ്രദ്ധയ്ക്ക്:  തട്ടിപ്പുകള്‍ പലവിധം; വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ പലതരം തട്ടിപ്പുകള്‍ക്ക് ഇരകളാകാറുണ്ട്. അടുത്തയിടെ ഓണ്‍ലൈനിലൂടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപയാണ്. നവി മുംബൈ സ്വദേശിയായ വനിതാ ഡോക്ടറെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചത്.

ഈ മാസം രണ്ടാം തിയതിയാണ് യുവതി ഒരു ഇ-കൊമേഴ്സ് വെബ്‌സൈറ്റിലൂടെ 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി ഡേറ്റിന് മുമ്പേ തന്നെ ഓര്‍ഡര്‍ ചെയ്ത പ്രൊഡക്ട് ഡെലിവറി ചെയ്തതായി കൊറിയര്‍ കമ്പനിയുടെ പേരില്‍ ഡോക്ടറുടെ ഫോണിലേയ്ക്ക് സന്ദേശം വന്നു.

സാധനം കിട്ടാതെ ഡെലിവറി ചെയ്‌തെന്ന സന്ദേശം കണ്ട വനിതാ ഡോക്ടര്‍ മെസേജിലുണ്ടായിരുന്ന നമ്പറിലേയ്ക്ക് വിളിച്ചു. കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി.

പിന്നാലെ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടീവ് എന്ന പേരില്‍ ഒരാള്‍ ഡോക്ടറെ വിളിച്ചു. ഓര്‍ഡര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും അത് ലഭിക്കണമെങ്കില്‍ രണ്ട് രൂപ കൂടി അടയ്ക്കണമെന്നും അവര്‍ പറഞ്ഞു. പണം അടയ്ക്കുന്നതിന് വേണ്ടി ഒരു ലിങ്കും അയച്ചു നല്‍കി.

ലിങ്കില്‍ ക്ലിക് ചെയ്തതോടെ ഒരു ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ആയി. ഇത് വനിതാ ഡോക്ടര്‍ അറിഞ്ഞിരുന്നില്ല. രണ്ട് രൂപ അടച്ചതോടെ പ്രോഡക്ട് ഉടനെത്തുമെന്ന് പറഞ്ഞ് വിളിച്ചയാള്‍ ഫോണ്‍ വച്ചു. നവംബര്‍ ഒമ്പതിന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആദ്യം 95,000 രൂപയും പിന്നീട് 5000 രൂപയും നഷ്ടപ്പെട്ടതായി മൊബൈലില്‍ സന്ദേശമെത്തി.

അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് താനറിയാതെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടര്‍ക്ക് മനസിലായത്. ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.