പാലാ: പാലാ രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി നാളെ മുതല്‍ 23 വരെ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഈ വര്‍ഷത്തെ അസംബ്ലി വിഷയം 'ക്രിസ്തീയ ദൗത്യവും ജീവിതവും പ്രാദേശിക സഭയിലും സമൂഹത്തിലും' എന്നതാണ്.
അസംബ്ലിയുടെ ആദ്യ ദിവസമായ നാളെ രാവിലെ 10 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അസംബ്ലി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ക്‌നാനായ യാക്കോബായ സഭ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് സമ്മേളനത്തിന് ആശംസകള്‍ അറിയിക്കും.
തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ സംബന്ധിക്കും.
പൗരസ്ത്യ സഭാ കാനോന്‍ നിയമപ്രകാരം രൂപതാധ്യക്ഷനോടൊപ്പം പ്രോട്ടോസില്ലസ്, സിഞ്ചെല്ലിമാര്‍, രൂപതാ ഫിനാന്‍സ് ഓഫീസര്‍, ആലോചനാ സമിതി അംഗങ്ങള്‍, ഫൊറോനാ വികാരിമാര്‍, ഓരോ ഫൊറോനയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികര്‍, സന്യാസ ഭവനങ്ങളില്‍ നിന്നുള്ളവര്‍, രൂപതാ പാസ്റ്റല്‍ കൗണ്‍സിലില്‍ നിന്നും കൗണ്‍സിലിന്റെ പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍, രൂപതാ അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട വൈദികര്‍, സന്യസ്ഥര്‍, അല്‍മായര്‍, അസംബ്ലിയുടെ നിരീക്ഷകരായി ക്ഷണിക്കപ്പെട്ടിട്ടുള്ള മലങ്കര കത്തോലിക്കാ സഭ, അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റ്, യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ വിഷയവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ എല്ലാ ഇടവകകളിലും സന്യാസ ഭവനങ്ങളിലും രൂപതയുടെ ഇതര സ്ഥാപനങ്ങളിലും സംഘടനകളിലും 2023 ജൂലൈ മാസം പഠനത്തിനും ചര്‍ച്ചയ്ക്കുമായി നല്‍കിയിരുന്നു.
വിവിധ തലങ്ങളിലെ പഠനത്തിന്റെയും ചര്‍ച്ചയുടെയും ഫലമായി ഉള്‍ത്തിരിഞ്ഞ വിലയിരുത്തലുകളും പ്രായോഗിക നിര്‍ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് രൂപതാ കേന്ദ്രത്തില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി നിരവധി തവണ ചര്‍ച്ചയ്ക്കു വിധേയമാക്കി വിഷയാവതരണ രേഖയ്ക്ക് പൂര്‍ണരൂപം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.