ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് മുകളില്‍ അജ്ഞാത പറക്കും വസ്തു കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍ അയച്ച് തിരച്ചില്‍ നടത്തി.
എന്നാല്‍ ഹസിമാര എയര്‍ ബേസില്‍ നിന്ന് വിക്ഷേപിച്ച വിമാനങ്ങള്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ആദ്യത്തെ വിമാനം ബേസിലേക്ക് മടങ്ങിയെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി പ്രദേശത്ത് വിന്യസിച്ച രണ്ടാമത്തെ വിമാനത്തിനും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എന്നിരുന്നാലും അസ്വാഭാവിക സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വ്യോമ പ്രതിരോധ പ്രതികരണ സംവിധാനം സജീവമാക്കിയതായി ഇന്ത്യന്‍ വ്യോമസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചു.
ഇംഫാലിലെ ബിര്‍ തികേന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലായി ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഞ്ഞ് 2.30 ഓടെയാണ് അജ്ഞാതമായ പറക്കുന്ന വസ്തു കണ്ടത്. തുടര്‍ന്ന് മണിക്കൂറുകളോളം വിമാന സേവനങ്ങള്‍ നിര്‍ത്തി വച്ചു.
ചില വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് വൈകിയ വിമാനങ്ങള്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്.
ആദ്യഘട്ടത്തില്‍ അജ്ഞാതവസ്തു എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും കണ്ടത് ഡ്രോണ്‍ ആണെന്ന് ഇംഫാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ചിപേമ്മി കൈഷിങ് പിന്നീട് അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26