'ദൈവത്തിന്റെ സമ്പത്ത് കുഴിച്ചിടരുത്'; ദരിദ്രര്‍ക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ഫ്രാന്‍സിസ് പാപ്പ

'ദൈവത്തിന്റെ സമ്പത്ത് കുഴിച്ചിടരുത്'; ദരിദ്രര്‍ക്കൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ലോകത്ത് നിലനില്‍ക്കുന്ന ഭൗതികവും സാംസ്‌കാരികവും ആത്മീയവുമായ ദാരിദ്ര്യത്തെ മറികടക്കാന്‍ ദാനധര്‍മങ്ങളിലൂടെയും സ്‌നേഹത്തിലൂടെയും ക്രൈസ്തവര്‍ക്കു കഴിയണമെന്നു ഫ്രാന്‍സിസ് പാപ്പ. ദാരിദ്ര്യം എന്നത് അധിക്ഷേപകരമായ അവസ്ഥയാണ്. ക്രൈസ്തവര്‍ സമ്മാനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവരുടെ ആഗോള ദിനമായ നവംബര്‍ 19ന് ലോകമെമ്പാടുമുള്ള ദരിദ്രരെ പ്രത്യേകം സമര്‍പ്പിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കു ശേഷം സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.

ദരിദ്രര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, യുദ്ധത്തിന്റെ ഇരകള്‍, കുടിയേറ്റക്കാര്‍, തൊഴില്‍രഹിതര്‍..., അവര്‍ ഒന്നോ രണ്ടോ പേരല്ല, ഒരു വലിയ സംഖ്യയാണ്. ദരിദ്രരുടെ ഈ വലിയ ജനക്കൂട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, സുവിശേഷത്തിന്റെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്. ദൈവത്തിന്റെ സമ്പത്ത് കുഴിച്ചിടരുത്. നമുക്ക് ദാനധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കാം, ഭക്ഷണം പങ്കിട്ട് സ്‌നേഹം ഇരട്ടിയാക്കാം - പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.

'യേശു പിതാവിന്റെ കൈകളില്‍ നിന്ന് എല്ലാം സ്വീകരിച്ചു, എന്നാല്‍ ഈ സമ്പത്ത് തനിക്കായി സൂക്ഷിച്ചില്ല, ദൈവത്തിന് തുല്യമായ നിലയിലെത്താനുള്ള അവസരം മുതലാക്കാതെ സ്വയം ഒന്നുമില്ലാത്തവനായി, ഒരു സേവകന്റെ രൂപം സ്വീകരിച്ചു... ഒരു നല്ല സമരിയാക്കാരനായി നമ്മുടെ മുറിവുകളെ ശമിപ്പിച്ചു.

'നാം ഏത് വഴിയാണ് സഞ്ചരിക്കുന്നത്: സ്വയം ഒരു ദാനമായി മാറിയ യേശുവിന്റെ പാതയാണോ അതോ സ്വാര്‍ത്ഥതയുടെ പാതയാണോ?' - മാര്‍പാപ്പ ചോദിച്ചു. മറ്റുള്ളവര്‍ക്ക് ഒരു ദാനമായി മാറാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ ഓര്‍മിപ്പിച്ചു.

'നമുക്ക് ചുറ്റുമുള്ള സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍, ജീവിതം ഇരുട്ടിലേക്ക് മങ്ങുന്നു; നമ്മുടെ അസ്തിത്വം മണ്ണിനടിയില്‍ അവസാനിക്കും, അതായത് ഇതിനകം മരിച്ച അവസ്ഥ... പാപ്പ മുന്നറിയിപ്പ് നല്‍കി.

അയ്യായിരത്തോളം പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. തുടര്‍ന്ന് പോള്‍ ആറാമന്‍ ഹാളില്‍ ഒരുക്കിയ ഉച്ചഭക്ഷണത്തില്‍ മാര്‍പാപ്പയ്‌ക്കൊപ്പം പാവപ്പെട്ടവരായ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. എല്ലാവരും ഒരുമിച്ചുള്ള സൗഹൃദത്തിന്റെ നിമിഷത്തിനും ഭക്ഷണത്തിനും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഉച്ചഭക്ഷണം ആരംഭിച്ചത്. വെള്ളയും മഞ്ഞയും നിറങ്ങളിലുള്ള പൂക്കളാല്‍ അലങ്കരിച്ച മേശകളില്‍ മനോഹരമായാണ് വിഭവങ്ങള്‍ നിരത്തിയിരുന്നത്.

ഡികാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയിലേക്ക് ഇറ്റലിയിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍സാണ് ഉച്ചഭക്ഷണം സമ്മാനിച്ചത്. പങ്കെടുത്തവര്‍ വിവിധ മത, സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നവരായതിനാല്‍ ഭക്ഷണ വൈവിധ്യത്തിലും വത്തിക്കാന്‍ പ്രത്യേകം പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. 'പാവപ്പെട്ടവനില്‍നിന്ന് മുഖം തിരിക്കരുത്' എന്ന തിരുവചന ഭാഗമായിരുന്നു ഈ വര്‍ഷത്തെ ദരിദ്രരുടെ ലോകദിനത്തിന്റെ പ്രമേയം.

ദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍, ഭവന രഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പും നടന്നു. ആരോഗ്യ ശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ചികിത്സാ പദ്ധതികളും ക്രമീകരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.