'ലീഗ് യുഡിഎഫിനൊപ്പം തന്നെ': നിലപാട് വ്യക്തമാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത് പാര്‍ട്ടി പിളരുമെന്ന ഭയം; 'പച്ചച്ചെങ്കൊടി' പാറിക്കാമെന്ന സിപിഎം ആഗ്രഹത്തിന് താല്‍ക്കാലിക വിരാമം

'ലീഗ് യുഡിഎഫിനൊപ്പം തന്നെ': നിലപാട് വ്യക്തമാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത് പാര്‍ട്ടി പിളരുമെന്ന ഭയം; 'പച്ചച്ചെങ്കൊടി' പാറിക്കാമെന്ന സിപിഎം ആഗ്രഹത്തിന് താല്‍ക്കാലിക വിരാമം

സിപിഎം വിരുദ്ധ നിലപാടില്‍ അടിയുറച്ച് എം.കെ മുനീര്‍, കെ.പി.എ മജീദ്, കെ.എം ഷാജി തുടങ്ങിയ നേതാക്കള്‍.

കൊച്ചി: മുസ്ലീം ലീഗിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്ക് പൊടുന്നനെ വിരാമമിട്ട് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്ന് നിലപാട് വ്യക്തമാക്കിയതിന് പിന്നില്‍ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന ഭയം.

ഇടത് മുന്നണിയിലേക്ക് പോയാല്‍ മുസ്ലീം ലീഗ് പിളരുമെന്ന് എം.കെ മുനീര്‍, കെ.പി.എ മജീദ്, കെ.എം ഷാജി എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സൂചന നല്‍കിയതോടെയാണ് 'ലീഗ് യുഡിഎഫില്‍ നിന്ന് ഒരിഞ്ച് മാറി നടക്കില്ലെന്ന' നിലപാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയതെന്ന് മലപ്പുറത്തെ ഒരു മുതിര്‍ന്ന നേതാവ് സീന്യൂസ് ലൈവിനോട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്ന് ലീഗ് എംഎല്‍എയായ അബ്ദുള്‍ ഹമീദ് കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ചുമതലയേറ്റതും കാസര്‍കോട്ടെ നവകേരളാ സദസിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പ്രഭാത പരിപാടിയില്‍ മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തതും ലീഗ് ഇടത് മുന്നണിയിലേക്ക് ചുവട് മാറുമെന്ന സൂചന ശക്തമാക്കിയിരുന്നു.

ഇതോടെയാണ് ലീഗിലെ സിപിഎം വിരുദ്ധ പക്ഷം കടുത്ത നിലപാട് കൈക്കൊണ്ടത്്. അബ്ദുള്‍ ഹമീദ് കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ചുമതലയേറ്റതില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും തന്റെ അതൃപ്തി നേതൃത്വത്തെ അറിയിച്ചിരുന്നു.

ലീഗിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ ലൈവായി നിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് തങ്ങളുമായി ഏറെ അടുപ്പമുള്ള പി.കെ കുഞ്ഞാലിക്കുട്ടിയാണ്. രാഷ്ട്രീയ ചതുരംഗപ്പലകയില്‍ കൃത്യമായി കരുക്കള്‍ നീക്കാനറായാവുന്ന കുഞ്ഞാലിക്കുട്ടിക്ക് ഇതുവഴി പല ലക്ഷ്യങ്ങളുണ്ട്.

ഇടത് മുന്നണിയിലേക്ക് ഒരു പാലം പണിത് വച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് അല്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി പദം എന്നിങ്ങനെ കോണ്‍ഗ്രസിനോട് വിലപേശാനുള്ള തന്ത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മനസില്‍. കാലങ്ങളായി അദേഹം സ്വപ്‌നം കാണുന്ന ഒന്നാണ് ഉപമുഖ്യമന്ത്രി പദം.

എന്നാല്‍ നേതാക്കന്‍മാരെ പുകഴ്ത്തി ലീഗിനെ സുഖിപ്പിച്ച് നിര്‍ത്തുക എന്ന സിപിഎം തന്ത്രം വിജയച്ചാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ ലീഗിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് പാര്‍ട്ടിയിലെ സിപിഎം വിരുദ്ധചേരി ലീഗ് നേതൃത്വത്തിന് ശക്തമായ മുന്നറിയിപ്പു കൂടി നല്‍കിയതോടെ ലീഗ് യുഡിഎഫ് വിടില്ലെന്ന നിലപാട് വ്യക്തമാക്കാന്‍ സാദിഖലി തങ്ങളും കുഞ്ഞാടിക്കുട്ടിയും നിര്‍ബന്ധിതരാവുകയായിരുന്നു.

ഇതോടെ കേരളത്തില്‍ 'പച്ചച്ചെങ്കൊടി' പാറിക്കാമെന്ന സിപിഎമ്മിന്റെ ആഗ്രഹത്തിനും താല്‍ക്കാലിക വിരാമമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.