കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

തിരുവനന്തപുരം: സംസ്ഥാനത്തെ പക്ഷിപനിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്ര സംഘം പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

ഏഴാം തീയതി രാത്രിയാണ് കേന്ദ്ര സംഘം കേരളത്തിലെത്തിയത്. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് ജോ. സെക്രട്ടറിയും കോവിഡ്-19 നോഡല്‍ ഓഫീസറുമായ മിന്‍ഹാജ് അലാം, നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്. എട്ടാം തീയതി കോട്ടയത്തും ഒമ്പതാം തീയതി ആലപ്പുഴയിലും സന്ദര്‍ശനം നടത്തി വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കോവിഡ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല വിലയിരുത്തല്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നടന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന കോവിഡ് ആശുപത്രികളിലേയും മേധാവിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി വിശദീകരിച്ചു.

കേരളം മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ട്. കോവിഡിന്റെ കാര്യത്തില്‍ കേരളം തുടക്കം മുതല്‍ നടത്തിവന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സന്തുഷ്ടി പ്രകടിപ്പിച്ചു. ടെസ്റ്റ്, വാസ്‌കിനേഷന്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ നല്ല രീതിയിലുള്ള ചര്‍ച്ചയാണ് നടന്നത്. അവരുടെ നിര്‍ദേശങ്ങള്‍ അവര്‍ തയ്യാറാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളില്‍ ഈ സംഘം സന്ദര്‍ശിച്ചു. അവിടെയെല്ലം പക്ഷിപ്പനി നിയന്ത്രണ വിധേയമാണ്. പക്ഷിപ്പനിയുടെ കാര്യത്തില്‍ വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ നടന്നത്. സാമ്പിള്‍ ടെസ്റ്റിന് സാധാരണ ഭോപ്പാലിലേക്കാണ് അയക്കുന്നത്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ചെയ്യാന്‍ കഴിയുന്ന ലാബ് ഇവിടെ സജ്ജമാക്കാന്‍ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.