യു.എ.ഇയില്‍ ഇനി ഇലക്ട്രിക് എയര്‍ ടാക്‌സികള്‍; 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും

യു.എ.ഇയില്‍ ഇനി ഇലക്ട്രിക് എയര്‍ ടാക്‌സികള്‍; 2026-ല്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുബായ്: യു.എ.ഇയുടെ ആകാശത്ത് ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ അടുത്ത വര്‍ഷം പരീക്ഷണപറക്കല്‍ തുടങ്ങും. ആറ് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എയര്‍ ടാക്‌സി സര്‍വീസുകള്‍ 2026 ആദ്യപാദത്തോടെ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.

ഗതാഗത തടസമില്ലാതാക്കാന്‍ കഴിയുമെന്നതാണ് ഇലക്ട്രിക് എയര്‍ ടാക്‌സികളുടെ ഏറ്റവും വലിയ നേട്ടമെന്ന് യു.എ.ഇ ഗവര്‍ണമെന്റിലെ ഇന്നവേറ്റിവ് മൊബിലിറ്റി എക്‌സ്‌പേര്‍ട് ചീഫ് സ്‌പെഷ്യലിസിറ്റ് റുബ അബ്ദെലാല്‍ പറഞ്ഞു. ഗതാഗത തടസമില്ലാതെ യാത്ര ചെയ്യാനാകുന്നതോടെ യാത്രക്കാര്‍ക്ക് നാല്‍പത് ശതമാനം സമയലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ട്രാഫിക് സിഗ്‌നലുകളിലെ കാത്തിരിപ്പും ഒഴിവാക്കാം. ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്ര സുഗമമാകും. ഈ സമയലാഭം ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വഴിവയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍.

റോഡ് മാര്‍ഗം എത്തിപ്പെടാന്‍ പ്രയാസമുള്ള ഇടങ്ങളിലേക്ക് വേഗത്തിലും സുഗമമായും എത്താന്‍ ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ക്ക് കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകുമെന്നും റുബ പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ജോലികള്‍ തുടങ്ങും. എയര്‍ ടാക്‌സികളെത്തുന്നതോടെ വിദേശനിക്ഷേപം വര്‍ധിക്കുന്നതിനൊപ്പം ജോലി സാധ്യതകളും ഗണ്യമായി കൂടും.

അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസുമായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എയര്‍ക്രാഫ്റ്റ് കമ്പനി ആച്ചര്‍ ആവിയേഷന്‍ പങ്കാളിത്തകരാര്‍ ഒപ്പിട്ടുകഴിഞ്ഞു. യു.എ.ഇയില്‍ എയര്‍ ടാക്‌സി ഓപ്പറേഷന്‍ 2026ല്‍ തുടങ്ങാനാണ് ധാരണ. ദുബായ് എയര്‍ ഷോയില്‍ കമ്പനിയുടെ മിഡ്‌നൈറ്റ് എന്ന എയര്‍ ടാക്‌സി പ്രദര്‍ശിപ്പിച്ചിരുന്നു. ഹെലികോപ്റ്റര്‍ പോലെ വെര്‍റ്റിക്കല്‍ ടെക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് ആണ് ഇതിന്റെ പ്രത്യേകത. വിമാനം പോലെ പറക്കുകയും ചെയ്യും. പൈലറ്റിനെ കൂടാതെ ഇതില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.