'അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പരിചരണം'; അമേരിക്കയിലെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ അടുത്ത വര്‍ഷത്തെ പ്രമേയം പുറത്തുവിട്ടു

'അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പരിചരണം'; അമേരിക്കയിലെ മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയുടെ അടുത്ത വര്‍ഷത്തെ പ്രമേയം പുറത്തുവിട്ടു

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ അടുത്ത വര്‍ഷത്തെ പ്രമേയം പുറത്തുവിട്ടു. 'എല്ലാ സ്ത്രീകള്‍ക്കുമൊപ്പം, എല്ലാ കുട്ടികള്‍ക്കും വേണ്ടി' എന്നതായിരിക്കും 2024 ജനുവരി 19-ന് നടക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ മുഖ്യപ്രമേയമെന്ന് പരിപാടിയുടെ സംഘാടകരായ മാര്‍ച്ച് ഫോര്‍ ലൈഫ് എജ്യൂക്കേഷനും ഡിഫന്‍സ് ഫണ്ടും അറിയിച്ചു. മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനിയാണ് റാലിയുടെ മുഖ്യപ്രമേയം പ്രഖ്യാപിച്ചത്.

അമ്മയെയും കുഞ്ഞിനെയും ഒരുപോലെ പരിപാലിക്കണം എന്ന ആവശ്യകതയെ ഊന്നിപ്പറയുന്നതാണ് അടുത്ത വര്‍ഷത്തെ പ്രമേയം. ഗര്‍ഭധാരണത്തിന് മുന്‍പും ഗര്‍ഭധാരണത്തിലും അതിന് ശേഷവും സ്ത്രീകളെ സഹായിക്കുന്നതാണ് പ്രോലൈഫ് പ്രസ്ഥാനമെന്നു മാന്‍സിനി വിവരിച്ചു.

'ഗര്‍ഭധാരണം എളുപ്പമാണെന്ന് ഞങ്ങള്‍ വാദിക്കുന്നില്ല, പക്ഷേ ജീവന്‍ തിരഞ്ഞെടുക്കുന്നത് ശരിയായ തീരുമാനമാണെന്ന് ഞങ്ങള്‍ പറയും, ഒരു ജീവനെ സ്വീകരിക്കുന്നത് ശാക്തീകരണമാണെന്നും സ്‌നേഹം ആ ജീവന്‍ രക്ഷിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു' - മാന്‍സിനി പറഞ്ഞു.

'ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ശാക്തീകരിക്കുന്നതും അനിവാര്യമാണെന്നുമുള്ള പ്രചാരണങ്ങള്‍. അപ്രതീക്ഷിത ഗര്‍ഭധാരണം നേരിടുന്ന സ്ത്രീകള്‍ തനിച്ചാണെന്നും അവര്‍ കഴിവില്ലാത്തവരാണെന്നും മാതൃത്വം കൈകാര്യം ചെയ്യാന്‍ അവര്‍ സജ്ജരല്ലെന്നും ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനു പകരം, സ്ത്രീകള്‍ എല്ലാ ഓപ്ഷനുകളും അറിഞ്ഞിരിക്കാന്‍ അര്‍ഹരാണെന്ന് മാന്‍സിനി പറയുന്നു. പ്രോ-ലൈഫ് സുരക്ഷാ വലയത്തിലൂടെ അവര്‍ക്ക് ലഭ്യമാകുന്ന സ്‌നേഹം, അനുകമ്പ, സൗജന്യ വിഭവങ്ങള്‍ എന്നിവയെക്കുറിച്ച് സ്ത്രീകള്‍ അറിഞ്ഞിരിക്കണം.

ഗര്‍ഭഛിദ്രത്തിനെതിരെ വാഷിങ്ടണ്‍ ഡി.സിയില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് 'മാര്‍ച്ച് ഫോര്‍ ലൈഫ്'. ഡിഫന്‍സ് ഫണ്ടിന്റെയും മാര്‍ച്ച് ഫോര്‍ എഡ്യുക്കേഷന്റെയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യയ്‌ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.