കൊച്ചിയില്‍ ബിപിസിഎല്ലിന്റെ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം

കൊച്ചിയില്‍ ബിപിസിഎല്ലിന്റെ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം

കൊച്ചി: നഗരത്തിലെ ജൈവമാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ് പര്യടനത്തിനിടെ തലശേരിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

കൊച്ചി കോര്‍പ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയില്‍ നിന്നും 10 ഏക്കര്‍ ഭൂമി ഇതിനായി ബിപിസിഎല്ലിന് കൈമാറും. പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക. പദ്ധതി 15 മാസത്തിനകം പൂര്‍ത്തിയാവും.

പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബിപിസിഎല്‍ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. ഈ തുക പൂര്‍ണമായും ബിപിസിഎല്ലാണ് വഹിക്കുക. പ്ലാന്റ് നിര്‍മ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും.

പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്‌കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടുകയുള്ളൂ. സംസ്‌കരണത്തിന് ശേഷം ബാക്കിയാവുന്ന അജൈവമാലിന്യം ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് സംസ്‌കരിക്കും.

ഏഴ് ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000 ല്‍ അധികം വീടുകളും ഉള്ള കൊച്ചി കോര്‍പ്പറേഷനിലെ ജൈവമാലിന്യ പ്രശ്‌നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.