കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു

 കനേഡിയന്‍ പൗരന്മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു

ന്യൂഡല്‍ഹി: കാനഡയുടെ ഖാലിസ്ഥാന്‍ അനുകൂല സമീപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. വെര്‍ച്വല്‍ ജി20 ലീഡേഴ്സ് ഉച്ചകോടിക്ക് മുന്നോടിയാണ് നടപടി. ഇന്ത്യ ആതിഥ്യം അരുളുന്ന ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പങ്കെടുക്കും.

എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങിയ സേവനങ്ങള്‍ പുനസ്ഥാപിച്ചവയില്‍ പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടി ഇന്നാണ് നടക്കുക. സെപ്റ്റംബര്‍ 10ന് ഡല്‍ഹിയില്‍ സമാപിച്ച ഉച്ചകോടിയിലാണ് ഇന്നത്തെ യോഗത്തിന്റെ പ്രഖ്യാപനമുണ്ടായത്.

ജി20 അംഗങ്ങളില്‍ ആഫ്രിക്കന്‍ യൂണിയന്‍, ഒമ്പത് അതിഥി രാജ്യങ്ങള്‍, 11 രാജ്യാന്തര സംഘടനകള്‍ എന്നിവരേയും ക്ഷണിച്ചിട്ടുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഡല്‍ഹി പ്രഖ്യാപനം നടപ്പിലാക്കുന്നതിനെക്കുറിച്ചും പുതിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും സമീപകാല ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവും യോഗത്തിലെ അജണ്ടയില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബറില്‍ നടന്ന ഡല്‍ഹി ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. ആ സമയത്ത് ഉക്രെയ്‌നിലെ സ്ഥിതിഗതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് പുടിന്‍ ഹാജരാകാത്തതിന്റെ കാരണമായി പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ജി20 ബാലി ഉച്ചകോടിയിലും പുടിന്‍ പങ്കെടുത്തിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.