പാലാ: ജീവസമൃദ്ധി പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറാമത്തെ കുടുംബത്തിന് പാലാ രൂപതാ ആസ്ഥാനത്തുവെച്ച് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും  ചേർന്ന് പ്രോത്സാഹനമായി പതിനായിരം രൂപ കൈമാറി. 
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കൂടുതൽ മക്കളുള്ള ക്രിസ്ത്യൻ കുടുംബങ്ങളെ സഹായിക്കാൻ പാലാ രൂപതയിലെ അല്മായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ജീവസമൃദ്ധി. 
ഒരു കുടുംബത്തിലെ നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോട് അനുബന്ധിച്ച് പ്രോത്സാഹനമായി പതിനായിരം രൂപ നൽകുന്നതാണ് പദ്ധതി. 
ദൈവം നൽകുന്ന ജീവൻ പരിപോഷിപ്പിക്കപ്പെടുന്നതിനും വലിയ കുടുംബങ്ങൾ ഉണ്ടാകുന്നതിനും ജീവസമൃദ്ധി പദ്ധതി കാരണമാകട്ടെയെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ആശംസിച്ചു. 
ആധുനിക സമൂഹത്തിൽ ചെറിയ കുടുംബങ്ങളായി തങ്ങളിലേക്കുതന്നെ ചുരുങ്ങുന്ന സ്വാർത്ഥതയുള്ള ജീവിതരീതിയിൽനിന്നും വലിയ കുടുംബങ്ങളുടെ മാഹാത്മ്യം മനസിലാക്കി കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ഇത്തരം പദ്ധതികൾ സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 
നമ്മുടെ സമുദായത്തിന്റെ വളർച്ചയ്ക്ക് ഗുണകരമായ ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ജീവസമൃദ്ധി പ്രവർത്തകരെ മേജർ ആർച്ച്ബിഷപ്പ് അഭിനന്ദിച്ചു.
 സീറോമലബാർസഭയുടെ  പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി., പാലാ രൂപതയുടെ കൂരിയാ അംഗങ്ങൾ, ജീവസമൃദ്ധി പദ്ധതി കോർഡിനേറ്റർമാരായ ജോജി കോലഞ്ചേരി, ഫാ. അരുൺ, പദ്ധതിയോട് സഹകരിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരും സന്നിഹിതരായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.