ന്യൂഡല്‍ഹി: നവകേരള യാത്രയോട് അനുബന്ധിച്ച് സ്‌കൂള്‍ കുട്ടികളെ ദീര്‍ഘനേരം പൊരിവെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ സ്വമേധയാ കെസെടുത്ത് ദേശീയ ബാലവകാശ കമ്മിഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ചീഫ്‌സെക്രട്ടറിക്ക് അയച്ച നോട്ടിസിലൂടെ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
കമ്മിഷന്‍ ചെയര്‍മാര്‍ പ്രിയങ്ക് കാനൂനഗോ ആണ് നോട്ടീസ് അയച്ചത്. കുട്ടികള്‍ക്കു നേരെയുണ്ടായത് മാനസിക പീഡനമാണെന്നാണ് കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്‍.
അതേ സമയം, സ്‌കൂള്‍ വിദ്യാര്‍ഥികളെ നവകേരള സദസിന് ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ് യു. വഴിയില്‍ സ്‌കൂള്‍ കുട്ടികളെ മുദ്രാവാക്യം വിളിപ്പിച്ചതിന്റെ തെളിവുകള്‍ അടക്കം പരാതി നല്‍കാനാണ് കെഎസ് യുവിന്റെ തീരുമാനം.
നവകേരള സദസിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചെന്നും, ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും നവകേരള സദസില്‍ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്നും കെഎസ് യു ആരോപിച്ചു.
തിരൂരങ്ങാടി ഡിഇഒ ആണ് കുട്ടികളെ നവകേരള സദസിന് എത്തിക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേ സമയം നിര്‍ദേശം വിവാദമായതോടെ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രംഗത്തെത്തി.
സദസില്‍ നിര്‍ബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നവകേരള സദസ് കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നും പഠനത്തിന്റെ ഭാഗമായി അവരെ പങ്കെടുപ്പിക്കുന്നതു നല്ലതാകുമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഡിഇഒയുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.