ഏയ്ഞ്ചല്‍ ഡി മരിയ വിരമിക്കുന്നു; കോപ്പയ്ക്ക് ശേഷം രാജ്യാന്തര ഫുട്ബോളിനോട് വിട പറയുമെന്ന് അര്‍ജന്റീനയുടെ 'മാലാഖ'

ഏയ്ഞ്ചല്‍ ഡി മരിയ വിരമിക്കുന്നു; കോപ്പയ്ക്ക് ശേഷം രാജ്യാന്തര ഫുട്ബോളിനോട് വിട പറയുമെന്ന് അര്‍ജന്റീനയുടെ 'മാലാഖ'

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു.2024 കോപ്പ അമേരിക്ക രാജ്യത്തിനായുള്ള തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് താരം പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

സമകാലിക അര്‍ജന്റൈന്‍ ഫുട്ബോളില്‍ മെസിക്കൊപ്പം തന്നെ താരമൂല്യമുള്ള താരമാണ് ഏയ്ഞ്ചല്‍ ഡി മരിയ. കഴിഞ്ഞ ദിവസം വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യത മത്സരത്തിലും താരം കളിച്ചിരുന്നു.

2008 ല്‍ ആണ് ഡി മരിയ ദേശീയ ടീമിനായി കളിച്ചു തുടങ്ങിയത്. 136 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 2010,2014,2018,2022 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2022 ല്‍ അര്‍ജന്റീന ചാമ്പ്യന്‍മാരായ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഡി മരിയ ഗോള്‍ നേടിയിരുന്നു.

2021 കോപ്പ അമേരിക്ക ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെതിരെ ഡി മരിയയുടെ ഗോളിന്റെ ബലത്തിലാണ് മെസിയും സംഘവും കിരീടമുയര്‍ത്തിയത്. സഹകളിക്കാരില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തതാണെന്നും അവരാണ് എന്നെ ഞാനാക്കിയതെന്നും ഡി മരിയ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

നിലവില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ബെന്‍ഫിക്കയുടെ താരമാണ് ഡി മരിയ. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജി തുടങ്ങിയ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. അര്‍ജന്റീന ചാമ്പ്യന്‍മാരായ ഒളിമ്പിക്സ് ഫൈനല്‍, കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ ഗോള്‍ നേടിയ താരമെന്ന അപൂര്‍വ റെക്കോഡും ഏയ്ഞ്ചല്‍ ഡി മരിയയുടെ പേരിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.