കാര്‍ഷിക നിയമം ; സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്

കാര്‍ഷിക നിയമം ; സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്

കാര്‍ഷിക നിയമങ്ങളില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ് ഇന്നറിയാം. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വാക്കാല്‍ സൂചിപ്പിച്ചിരുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തു. കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. ഇതോടെ കോടതിയുടെ നിലപാട് നിർണ്ണായകമാകും.

കാർഷിക നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാൽ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളിൽനിന്ന് പിന്മാറാൻ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് നിയമങ്ങൾ സ്വീകാര്യമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർക്കുന്നത്. അവരുമായി ചർച്ച നടത്തി വരിയാണ്. മുൻവിധികളോടെയാണ് ചില കർഷക സംഘടനകൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ഇടയിൽ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ അല്ലാത്ത ചിലർ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തർക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാല്‍, സമിതിയുമായി സഹകരിക്കില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്. നിയമങ്ങൾ സ്റ്റേ ചെയ്യാൻ അധികാരമുള്ള കോടതിക്ക് അവ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ അധികാരം ഉണ്ടെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കുന്നു. നിലപാട് ഇന്ന് അഭിഭാഷകർ മുഖേന സുപ്രീം കോടതിയെ അറിയിക്കുമെന്നും മോർച്ച നേതാക്കൾ അറിയിച്ചു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കര്‍ഷകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.