'കേരളം ഒരു വിശാല ജൈവ മ്യൂസിയം ആകാതിരിക്കട്ടെ': കേരളീയത്തെയും നവകേരള സദസിനെയും വിമര്‍ശിച്ച് കെ.സി.ബി.സി

'കേരളം ഒരു വിശാല ജൈവ മ്യൂസിയം ആകാതിരിക്കട്ടെ': കേരളീയത്തെയും നവകേരള സദസിനെയും വിമര്‍ശിച്ച്  കെ.സി.ബി.സി

കൊച്ചി: ഇടത് സര്‍ക്കാരിന്റെ നവകേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബി.സി). ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കെ.സി.ബി.സി മീഡിയാ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കലാണ് നവകേരള സദസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ് പിന്നീട് മ്യൂസിയത്തില്‍ വച്ചാല്‍ ലക്ഷക്കണക്കിനാളുകള്‍ കാണാന്‍ വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ പ്രസ്താവനയുടെ ചുവട് പിടിച്ച് നവകേരള സദസ് സഞ്ചരിക്കുന്ന ജൈവ പ്രദര്‍ശനമാണെന്നും ബസും അതിനൊപ്പം സഞ്ചരിക്കുന്ന ആശയങ്ങളും ഭാവിയില്‍ മ്യൂസിയത്തില്‍ എത്തുമെന്നും ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ വീഡിയോയിലൂടെ പരിഹസിച്ചു.

'ഇതും ഒരു നവ മനുഷ്യശാലാ പ്രദര്‍ശനമാണ്. ജനാധിപത്യ കാലത്ത് ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരോട് ചെയ്തുകൊണ്ടിരിക്കുന്ന സല്‍കര്‍മങ്ങള്‍ വിശദമാക്കാന്‍ ഒരുപക്ഷേ ഇത് വേണ്ടി വരും. കാരണം വോട്ട് ചെയ്യുന്നവരെല്ലാം 30,500 രൂപയുടെ കണ്ണടയുള്ളവരോ ഡേറ്റാ ശേഖരണവും പഠനവും നടത്തുന്നവരോ അല്ല.

പകരം ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനാല്‍ തെരുവില്‍ പിച്ചച്ചട്ടിയെടുത്ത് വെയിലത്ത് നില്‍ക്കുന്നവരും നെല്ല് വിറ്റതിന്റെ വരുമാനം സര്‍ക്കാര്‍ ഏറ്റെടുത്ത് പകരം അവര്‍ക്ക് കടബാധ്യത തിരികെ കൊടുക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ മോഹിച്ച് നടക്കുന്നവരും കെഎസ്ആര്‍ടിസി ബസിനെ തോല്‍പ്പിക്കാന്‍ സ്വന്തമായി ബസ് ഓടിക്കുന്നവരും ഈ നാട്ടില്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന തെറ്റിദ്ധാരണയില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറാന്‍ വെമ്പുന്ന ചെറുപ്പക്കാരുമൊക്കെയാണ് ഇവിടെയുള്ളത്.'- അദേഹം പറഞ്ഞു.

'ക്ഷേമ പെന്‍ഷന്‍ കിട്ടാതെ കഴിയുന്ന നിരവധി ആളുകളില്‍ ഒരാളാണ് മറിയക്കുട്ടിയമ്മ. വയസ് 87. അവര്‍ പെരുവഴിയില്‍ പിച്ച ചട്ടിയുമായി നിന്ന് പ്രതിഷേധിക്കുന്ന കാലത്ത് കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ കേരളീയം നടന്നു.

അവിടെ ആദിമം എന്ന പേരില്‍ കേരള ഫോക് ലോര്‍ അക്കാദമി ആദിവാസികളെ മ്യൂസിയം പീസാക്കി പ്രദര്‍ശിപ്പിച്ചു. ഒരുതരം ജൈവ പ്രദര്‍ശനം. കാണി, പണിയര്‍, മാവിലര്‍, ഊരാളികള്‍ അവരുടെ ചാറ്റ് പാട്ട് , പണിയ നൃത്തം, കുംഭ നൃത്തം, എരിത് കളി, മംഗലം കളി, മന്നാന്‍ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകളും മറ്റു ചില അനുഷ്ഠാന കലകളും യഥാര്‍ത്ഥ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനാണ് ഈ ഹ്യൂമന്‍ സൂ ഒരുക്കിയത്.

ഇതിനെതിരെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ രംഗത്ത് വന്നപ്പോള്‍ ഇതൊരു കലാപരിപാടി ആണെന്ന് പുതിയ ഭാഷ്യം പറഞ്ഞു. ആദിമം പ്രദര്‍ശനം അവസാനിച്ചിടത്ത് നിന്ന് ഇപ്പോള്‍ സഞ്ചരിക്കുന്ന മറ്റൊരു ജൈവ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു. ഇതുമൊരു നവ മനുഷ്യശാലാ പ്രദര്‍ശനമാണ്'- ഫാ. ഇരുമ്പിനിക്കല്‍ തുടര്‍ന്നു.

'കുടുംബശ്രീ തൊഴിലാളികള്‍ കുറഞ്ഞ ചിലവില്‍ ഭക്ഷണം നല്‍കിയത് സര്‍ക്കാര്‍ അവര്‍ക്ക് ബാക്കി തുക നല്‍കുമെന്ന ധാരണയിലാണെന്നത് സത്യം. പക്ഷേ അവരത് ചോദിക്കാന്‍ തിരുവനന്തപുരത്തേക്ക് സമരവുമായി പോകണോ.  ക്യാബിനറ്റ് മുഴുവന്‍ ബസ് പിടിച്ച് നിങ്ങളുടെ അടുത്തേക്ക് ഓടിയെത്തും എന്നതാണ് ഭരണകൂടത്തിന്റെ ജനാധിപത്യ ബോധം.

50 കോടിയാണ് ജനകീയ ഹോട്ടല്‍ സബ്‌സിഡി ഇനത്തില്‍ ആകെ നല്‍കാനുള്ളത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം വൈകുന്ന കേസ് കോടതിയില്‍ വന്നപ്പോഴേ ഇതിനുള്ള മറുപടി സര്‍ക്കാര്‍ പറഞ്ഞതാണ്. ദൈനംദിന പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു എന്ന്.

അതിനിടെയിലാണ് ചിലരുടെ കരിങ്കൊടി പ്രകടനം. അത്തരം പ്രകടനക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ചെടിച്ചട്ടി, ഹെല്‍മറ്റ് തുടങ്ങിയ താരതമ്യേന നിത്യ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വസ്തുക്കള്‍ കൊണ്ട് പ്രതിരോധം തീര്‍ത്തത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.

ചെടികള്‍ ശുദ്ധവായു നല്‍കുന്നു. ഹെല്‍മറ്റ് അപകടത്തില്‍ തല സംരക്ഷിക്കുന്നു. ആര്‍ക്കാണ് ഇത് അറിയാത്തത്. കരിങ്കൊടി കാണിക്കുന്നത് തീവ്രവാദമാണെന്ന് താത്വിക ആചാര്യന്മാര്‍ പറഞ്ഞത് കൃത്യമായി പത്രങ്ങളെല്ലാം ചേര്‍ത്തിട്ടുണ്ട്. അത് ജനാധിപത്യപരമായ പ്രതിരോധമല്ല.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ സംഗീതമാസ്വദിച്ച് കഴിയുന്ന ഒരു കൂട്ടം മനുഷ്യരുടെ ഇടയിലേക്ക് യന്ത്ര തോക്കുകളുമായി പറന്നിറങ്ങി നൂറുകണക്കിന് ആളുകളെ കൊന്നുതള്ളിയ ഹമാസെന്ന തീവ്രവാദ സംഘത്തിന് ഐക്യദാര്‍ഢ്യ സമ്മേളനം നടത്തുന്ന സമരക്കാര്‍ ഇതൊന്നും അറിയാത്തവരാണോ.

കേരളത്തിലെ കര്‍ഷകരും കൃഷിയും ഇല്ലെങ്കിലും തമിഴ്‌നാട്ടില്‍ നിന്നെല്ലാം വരും എന്നറിയാവുന്ന ത്വാതിക നിലപാടുള്ള മന്ത്രിമാര്‍ ഇത്തരം കരിങ്കൊടി ഷോ വച്ച് പൊറുപ്പിക്കില്ല. അധികാരം കിട്ടിയാല്‍ പിന്നെ കറുപ്പിനോട് ഇത്ര വെറുപ്പ് ഉണ്ടാവുന്നത് എങ്ങനെ?

മുമ്പൊരു മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയും കരിങ്കല്ലുമായി ഇറങ്ങിയിട്ടുണ്ട് അന്നത്തെ പ്രതിപക്ഷം. എറിഞ്ഞ് ചില്ലും ചങ്കും തകര്‍ത്തിട്ടുണ്ട്. ആദിമമായ ഒരു ആക്രമണ രീതിയാണ് കരിങ്കല്ല് കൂര്‍പ്പിച്ച് വേട്ടക്കിറങ്ങുന്നത്. എന്നിരുന്നാലും അഹിംസാത്മകമായി കരിങ്കൊടിയോടും കറുപ്പിനോടും ഇത്ര പിണക്കം തോന്നാന്‍ എന്തായിരിക്കും കാരണം.

ആദിമത്തില്‍ നിന്ന് ആരംഭിച്ചതാണ് ഈ കഥ. മുന്‍ മന്ത്രി ബാലന്‍ പ്രവചന സ്വരത്തില്‍ ചിലത് പറഞ്ഞു; ഇതെല്ലാം മ്യൂസിയത്തിലേക്കാണെന്ന്. നവ കേരള പ്രദര്‍ശനശാല ബസും അതിനൊപ്പം സഞ്ചരിക്കുന്ന ആശയങ്ങളും ഭാവിയില്‍ മ്യൂസിയത്തില്‍ എത്തും.

ഒപ്പം സഞ്ചരിക്കുന്ന ഇടങ്ങളിലെ അത്താഴ പട്ടിണിക്കാരും പെന്‍ഷന്‍ കിട്ടാത്തവരും കൈക്കൂലി കൊടുക്കാത്തതിനാല്‍ ഉദ്യോഗസ്ഥരാല്‍ അവഹേളിതരായി ജീവിതം ഒടുക്കിയവരുടെ പ്രേതങ്ങളും നാല് വോട്ടിന് വേണ്ടി പ്രത്യശാസ്ത്രം പണയം വെച്ച് മത തീവ്രവാദത്തിന് കളമൊരുക്കി കയറൂരി വിട്ട് ഇവിടെ ഭ്രാന്തുകള്‍ സൃഷ്ടിക്കുന്നവരും സ്വന്തമായി മാര്‍ക്ക് തിരുത്താന്‍ കഴിയാത്തവരും ദേശീയ അന്തര്‍ ദേശീയ മത തീവ്രവാദികളുടെ ജാതി മത വര്‍ഗ വര്‍ണ യുദ്ധങ്ങളും എല്ലാം ചേര്‍ന്ന് കേരളം ഒരു വിശാല ജൈവ മ്യൂസിയമാകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ' എന്ന ആശംസയോടെയാണ് ഫാ. എബ്രഹാം ഇരുമ്പിനിക്കലിന്റെ വീഡിയോ അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.