സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ കൂടുന്നെന്ന പരാതിയില്‍ കഴമ്പില്ല; ഉദ്ദേശം സംശയാസ്പദം: അന്വേഷണ ഉത്തരവ് പിന്‍വലിച്ചു

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ കൂടുന്നെന്ന പരാതിയില്‍ കഴമ്പില്ല; ഉദ്ദേശം സംശയാസ്പദം:  അന്വേഷണ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നു എന്ന ആരോപണവുമായി അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കിയ പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപടി വേണ്ടെന്ന് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി തദ്ദേശസ്വയം ഭരണ വകുപ്പ് പ്രില്‍സിപ്പല്‍ ഡയറക്ടര്‍ ഉത്തരവിറക്കി.

പരാതിയില്‍ പൊതുവായി ഒരു വിഷയം പരാമര്‍ശിക്കുന്നുവെന്നല്ലാതെ പ്രത്യേകമായ ഒരു സംഭവത്തെ കുറിച്ച് ആധികാരികമായി ഒന്നും തന്നെ പറയുന്നില്ലെന്നും കണ്ടെത്തി. ബംഗലുരു സ്വദേശിയായ നീനാ മേനോന്‍ എന്ന സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ തദ്ദേശ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് പിന്‍വലിച്ചത്. ഉത്തരവിറക്കിയ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം വിശദീകരണവും ചോദിച്ചു.

ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്. സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് അന്വേഷിക്കമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഈ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി തദ്ദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തദ്ദേശ അവര്‍ ഈ പരാതി തദ്ദേശ ഡയറക്ടര്‍ക്ക് കൈമാറുകയായിരുന്നു.

ഈ മാസം മൂന്നായിരുന്നു ഡയറക്ടറേറ്റിന് നിര്‍ദേശം ലഭിച്ചത്. ഡയറക്ടറേറ്റില്‍ നിന്നും അന്വേഷണം നടത്താനായി എല്ലാ ജില്ലാ ജോയിന്റ് ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ കൈമാറിയ പരാതിയിന്‍ നടപടിവേണമെന്നായിരുന്നു ഡയറക്ടേറ്റിലെ ജോയിന്റ് ഡയറക്ടറുടെ ഉത്തരവിലെ നിര്‍ദേശം. തഴേ തട്ടിലേക്ക് പോയ ഉത്തരവ് ഉദ്യോഗസ്ഥ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി.

സോഷ്യല്‍ മീഡിയയിലടക്കം ഇക്കാര്യം ചര്‍ച്ചയായതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്. ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് അറിഞ്ഞിരുന്നില്ലെന്നും ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് വിശദീകരണം തേടിയതായും ഡയറക്ടര്‍ രാജമാണിക്യം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.