ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഭൂമി ഇടപാട് കേസ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

'പുതിയ ജാമ്യ ബോണ്ട് വെറും സാങ്കേതികം മാത്രം. അതില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ല'.

ന്യൂഡല്‍ഹി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.

കര്‍ദിനാളിന് കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റീസ് ബാലേ എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2023 ജനുവരി 27 നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ജാമ്യം അനുവദിച്ചത്. പിന്നീട് ചില വ്യവസ്ഥകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മെയ് 16 ന് ജാമ്യ വ്യവസ്ഥകള്‍ കോടതി ഭേദഗതി ചെയ്തിരുന്നു.

ഭേദഗതി ചെയ്ത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരായി പുതിയ ജാമ്യ ബോണ്ട് സമര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചില്ലെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തു രാജും അഭിഭാഷകന്‍ പി.എസ് സുധീറും വാദിച്ചത്.

എന്നാല്‍ വിചാരണ വേളയില്‍ ഏതൊക്കെ സമയത്ത് പ്രതി കോടതിയില്‍ ഉണ്ടാകണമെന്ന് തീരുമാനിക്കേണ്ടത് വിചാരണക്കോടതി ആണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. പുതിയ ജാമ്യ ബോണ്ട് വെറും സാങ്കേതികമാണെന്നും അതില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.