വത്തിക്കാനില്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്‍പില്‍ ആദ്യമായി മലയാള ചലച്ചിത്രം ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ് പ്രദര്‍ശിപ്പിച്ചു

വത്തിക്കാനില്‍ വിശിഷ്ടാതിഥികള്‍ക്ക് മുന്‍പില്‍ ആദ്യമായി മലയാള ചലച്ചിത്രം ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ് പ്രദര്‍ശിപ്പിച്ചു

വത്തിക്കാന്‍ സിറ്റി: കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ് എന്ന ചലച്ചിത്രം ബിഷപ്പുമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതിക്ക് സമീപമുള്ള വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനില്‍ ഔദ്യോഗിമായ് ഒരു മലയാള സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്. 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലെ നേച്ചമ്പൂര്‍ മലയിടുക്കില്‍ കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. സിസ്റ്റര്‍ റാണി മരിയയായി ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്.

സമൂഹത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ പ്രവര്‍ത്തനത്തില്‍ ഇന്‍ഡോറിലെ ജന്മിമാര്‍ക്ക് അത്യപ്തി ഉളവായിരുന്നു.

സമന്ദര്‍സിങ് എന്ന വാടകക്കൊലയാളിയെ സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ ജന്മിമാര്‍ നിയോഗിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണ് സിസ്റ്റര്‍ കൊല ചെയ്യപ്പെട്ടത്. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.

സിനിമയുടെ പ്രചരണത്തിന് വത്തിക്കാന്‍ പരിപൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. മാര്‍പാപ്പയെ സന്ദര്‍ശിച്ച അണിയറ പ്രവര്‍ത്തകര്‍ തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും പാപ്പയ്ക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു.

സര്‍വ ബന്ധങ്ങളും വിട്ടുപേക്ഷിച്ച് പരിത്യാഗികളായി കര്‍ത്തൃ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെടുന്ന ആയിരമായിരം മിഷനറിമാരുടെ ത്യാഗോജ്വലമായ ജീവിതത്തിലേക്കും അവരുടെ സേവനങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് സിസ്റ്റര്‍ റാണി മരിയ എന്ന രക്തസാക്ഷിയുടെ ജീവിതം പറയുന്ന ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ് എന്ന ചലച്ചിത്രം.

ഒരു സന്യാസിനിയുടെ ജീവസുറ്റ ജീവിതാനുഭവങ്ങളുടെ ഇതിവൃത്തം ഇത്ര ഭംഗിയായ് ആവിഷ്‌കരിച്ച കലാസൃഷ്ട്രി മറ്റൊന്നുണ്ടാവില്ല. സ്വന്തം ജീവിതം സഭക്കായ് അര്‍പ്പിച്ച്പ്രാണന്‍ ഹോമിക്കേണ്ടി വന്ന ഒരു മിഷനറിയുടെ യഥാര്‍ത്ഥ ജീവന്‍ മരണ പോരാട്ടം തന്നെയാണ് ഈ ചിത്രം. നമുക്കേവര്‍ക്കും പ്രചോദനവും മാതൃകയുമാക്കുവാന്‍ സാധിക്കുന്നതാണ് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതവും. ചലചിത്രമെന്നതിനേക്കാള്‍ ശരിക്കും ഒരു യഥാര്‍ത്ഥ ജീവിത അനുഭവം തന്നെയാണ് ഏവര്‍ക്കും ഈ ചിത്രം സമ്മാനിക്കുന്നത്.

ഈ മാസം 17 ന് റിലീസായ ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ് കേരളത്തില്‍ എണ്‍പതിലേറെ തിയറ്ററുകളില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചുക്കൊണ്ടിരിക്കുന്നത്.

ഡോ. ഷെയ്‌സണ്‍ പി. ഔസേപ്പ് സംവിധാനം നിര്‍വഹിച്ച ദ് ഫെയ്‌സ് ഓഫ് ദ് ഫെയിസ്ലെസ്' നിരവധി അന്തര്‍ദേശിയഅംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയാണ് ജൈത്ര യാത്ര തുടരുന്നത്. ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 150 അഭിനേതാക്കള്‍ അഭിനയിച്ചിട്ടുണ്ട്.

അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് വരികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.