കോഴിക്കോട്: കുസാറ്റ് ദുരന്തത്തില്‍ തേങ്ങി താമരശേരിയും. മരണപ്പെട്ട നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ താമരശേരി വയലപ്പള്ളില്‍ സാറാ തോമസാണ്. കോരങ്ങാട് തൂവ്വക്കുന്നുമ്മില്‍ തോമസ് സ്‌കറിയ(സാജന്‍)യുടെയും കൊച്ചുറാണിയുടേയും മകളാണ് സാറ.
വിവരം അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് എത്തുമ്പോള്‍ മുത്തശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകള്‍ക്ക് അപായം സംഭവിച്ച വിവരം അവരെ അറിയിച്ചിരുന്നില്ല. തിക്കിലും തിരക്കിലും പെട്ട് സാറാ തോമസ് അവശനിലയിലാണെന്ന വിവരമാണ് കുസാറ്റില്‍ ജോലി ചെയ്യുന്ന ബന്ധു ഫോണില്‍ ആദ്യം വിളിച്ച് അറിയിച്ചിരുന്നത്. സാറയുടെ പിതാവ് തോമസിന്റെ സഹോദരീ പുത്രന്റെ ഭാര്യ കുസാറ്റില്‍ അധ്യാപികയാണ്.
വിവരം അറിഞ്ഞ ഉടന്‍ തന്നെ തോമസ് സ്‌കറിയയും ഭാര്യ കൊച്ചുറാണിയും ഇളയമകള്‍ സാനിയയും കാറില്‍ എറണാകുളത്തേക്ക് തിരിച്ചു. കുട്ടിയുടെ മുഖം തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മാറിയിരുന്നുവെന്നാണ് ബന്ധു മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൂടെയുണ്ടായിരുന്ന സാറയുടെ സുഹൃത്താണ് മരിച്ചത് സാറ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.
താമരശേരി കോരങ്ങാട് അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സാറ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. നേരത്തേ അമ്പായത്തോട് താമസിച്ചിരുന്ന കുടുംബം സമീപകാലത്താണ് കോരങ്ങാട് ഭാഗത്തേക്ക് വീടുമാറിയത്.
ശ്വാസം മുട്ടല്‍ ആണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആസ്റ്ററില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന സംഗീത നിശ തുടങ്ങുന്നതിന് മുമ്പു തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്തുണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തില്‍ പടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ വീണതിനു മീതെ മറ്റുള്ളവരും വീഴുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.