'ജീവന്റെ ജീവനായി സെല്‍വിന്റെ ഹൃദയം'; ഹരിനാരായണനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

'ജീവന്റെ ജീവനായി സെല്‍വിന്റെ ഹൃദയം'; ഹരിനാരായണനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

കൊച്ചി: സെല്‍വിന്റെ ഹൃദയം ഹരിനാരായണനില്‍ തുടിച്ച് തുടങ്ങി. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഹരിനാരായണനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഹരിനാരായണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.

ഇന്നലെ 11.15 നാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും സെല്‍വിന്റെ ഹൃദയം എയര്‍ ആംബുലന്‍സ് വഴി കൊച്ചിയില്‍ എത്തിച്ചത്. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 24 മണിക്കൂര്‍ ആകുന്നതിന് മുന്‍പെ ഹൃദയം ഹരിനാരായണന്റെ ജീവനായി മാറി.

മസ്തിഷ്‌ക മരണമടഞ്ഞ സെല്‍വിന്‍ ശേഖറിന്റെ ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നീ അവയവങ്ങള്‍ ദാനം ചെയ്തതോടെ ആറ് പേര്‍ക്കാര്‍പുതുജീവന്‍ ലഭിക്കുന്നത്. തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിച്ചത്.

ഹൃദയം ലിസി ഹോസ്പിറ്റലിലെ ഹരിനാരായണനും വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് വെളിച്ചമാകും. ഇന്നലെയാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.

തമിഴ്നാട്ടിലെ സ്റ്റാഫ് നഴ്സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്സാണ്. കടുത്ത തലവേദനയെ തുടര്‍ന്ന് അവിടുത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ വെള്ളിയാഴ്ച മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.