തിരുവനന്തപുരത്തിന് വിരുന്നായി ഇന്ത്യയുടെ ബാറ്റിംഗ്; ഹൈസ്‌കോര്‍ മാച്ചില്‍ ഇന്ത്യയ്ക്ക് 44 റണ്‍സ് വിജയം

തിരുവനന്തപുരത്തിന് വിരുന്നായി ഇന്ത്യയുടെ ബാറ്റിംഗ്; ഹൈസ്‌കോര്‍ മാച്ചില്‍ ഇന്ത്യയ്ക്ക് 44 റണ്‍സ് വിജയം

തിരുവനന്തപുരം: ഓസ്ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് പോരാട്ടം 191 ല്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ ജയം.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ അഞ്ച് മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ 2-0ന് മുന്നിലെത്തി. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ് കൃഷ്ണയും രവി ബിഷ്‌ണോയിയും ചേര്‍ന്നാണ് ഓസീസിനെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിംഗ് വിരുന്നിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മുന്‍നിര താരങ്ങള്‍ ആക്രമിച്ചു കളിച്ചതോടെ റണ്‍ ഒഴുകി.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യയ്ക്ക് സ്‌ഫോടനാത്മക തുടക്കം നല്‍കി. മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും അര്‍ധ സെഞ്ചുറി നേടിയതോടെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായി.

58 റണ്‍സെടുത്ത ഋതുരാജ് ഗെക്വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശ്വസി ജെയ്സ്വാള്‍ 53 റണ്‍സും ഇഷാന്‍ കിഷന്‍ 52 റണ്‍സും നേടി. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ സൂര്യകുമാറിന് ഇത്തവണ തിളങ്ങാന്‍ സാധിച്ചില്ല. 10 പന്തില്‍ നിന്ന് 19 റണ്‍സുമായി നായകന്‍ മടങ്ങി.

അവസാന ഓവറുകളില്‍ കടന്നാക്രമിച്ച റിങ്കു സിംഗ് കേവലം 9 പന്തില്‍ നിന്ന് 344 സ്‌ട്രൈക്ക് റേറ്റില്‍ 31 റണ്‍സ് അടിച്ച് ഇന്ത്യയെ 235 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിച്ചു. ടി20യില്‍ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരു്‌നനു. ആദ്യ പവര്‍പ്ലേയില്‍ തന്നെ മാക്‌സ് വെല്‍ അടക്കം മൂന്നു മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി.

മൂന്നാം ഓവറില്‍ മാറ്റ് ഷോര്‍ട്ടിനെ ബൗള്‍ഡാക്കിയ ബിഷ്‌ണോയ് തന്റെ അടുത്ത ഓവറില്‍ ഇംഗ് ലിസിനെയും മടക്കി ഇരട്ട ബ്രേക്ക്ത്രൂ ഇന്ത്യക്ക് സമ്മാനിച്ചു. ആറാം ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്‌സ് വെല്ലിനെ മടക്കി അക്‌സര്‍ പട്ടേല്‍ ഓസീസിനെ സമ്മര്‍ദത്തിലാഴ്ത്തി.

എന്നാല്‍ മാര്‍കസ് സ്റ്റോയിനിസിന്റെ നേതൃത്വത്തില്‍ മധ്യനിര തിരിച്ചടിച്ചതോടെ റണ്‍സ് പിറന്നു. സ്റ്റോയിനിസ് 25 പന്തില്‍ 45 റണ്‍സ് നേടിയപ്പോള്‍, ടിം ഡേവിഡ് 22 പന്തില്‍ നിന്ന് 37 റണ്‍സ് നേടി. 23 പന്തില്‍ 43 റണ്‍സുമായി മാത്യു വെയ്ഡ് പുറത്താവാതെ നിന്നുവെങ്കിലും ഇന്ത്യയുടെ സ്‌കോര്‍ കൈയെത്തി പിടിക്കാവുന്നതിലും അപ്പുറമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.