സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഏറ്റുമുട്ടി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്‌പോര്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്.

ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരായ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി സംസാരിക്കുമ്പേഴായിരുന്നു മുഖ്യമന്ത്രിയുടെ പരമാര്‍ശം. വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ചായിരുന്നു അംഗങ്ങളുടെ ചോദ്യം. ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുളള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തില്‍ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചതെന്നായിരുന്നു പിണറായി സഭയില്‍ പറഞ്ഞത്.

ഇതോടെ പ്രതിപക്ഷ ബെഞ്ചിലെ അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവിനെക്കുറിച്ചുളള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്വഴക്കമെന്നായിരുന്നു കെ സി ജോസഫിന്റെ പ്രതികരണം. ചോദ്യം പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കില്‍ നോക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ബാര്‍ കോഴ രണ്ട് തവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സി ഡിയിലാണ് തന്റെ പേരുളളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി ഡിയില്‍ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. താന്‍ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല തുറന്നടിച്ചു.

സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള പാഴ്വേലയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ തന്നെ ബഹളം വയ്ക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഈ സര്‍ക്കാര്‍ അഴിമതിയില്ലാത്ത നാടെന്ന പേര് ഉയര്‍ത്തി. വന്‍കിട കമ്പനികള്‍ കേരളത്തിലേക്ക് വരുന്നു. വലിയ വികസനം നടക്കുന്നു. അതില്‍ വിഷമമുണ്ടെങ്കില്‍ അത് മനസില്‍ വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിനെയും ആശങ്കപ്പെടേണ്ടതോ ഭയപ്പെടേണ്ടതോ ഇല്ല. ജനത്തിന്റെ കൈയില്‍ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. ജനം ജനത്തിന്റെ അനുഭവത്തിലാണ് പറയുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി ഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തില്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിന്റെ മറ്റ് കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൈറ്റാനിയം കേസില്‍ മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന നിലപാടില്‍ സി ബി ഐ എത്തിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വൈകാതെ പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.