മാതാപിതാക്കളെ കൊലപ്പെടുത്തുന്നത് നേരില്‍ കാണേണ്ടി വന്ന പെണ്‍കുഞ്ഞ്; അബി ഗെയ്‌ലിന്റെ നാലാം പിറന്നാള്‍ ഹമാസിന്റെ തടവില്‍

മാതാപിതാക്കളെ കൊലപ്പെടുത്തുന്നത് നേരില്‍ കാണേണ്ടി വന്ന പെണ്‍കുഞ്ഞ്; അബി ഗെയ്‌ലിന്റെ നാലാം പിറന്നാള്‍ ഹമാസിന്റെ തടവില്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് മോചിപ്പിച്ച ബന്ധികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് നാല് വയസുള്ള അബി ഗെയ്ല്‍ എഡാന്‍ എന്ന അമേരിക്കക്കാരി. ഹമാസിന്റെ ബന്ധനത്തില്‍ കഴിയവേ കഴിഞ്ഞയാഴ്ചയാണ് അബി ഗെയ്ല്‍ നാലാം വയസിലേക്ക് കടക്കുന്നത്.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ അബി ഗെയ്‌ലിന്റെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ അബിഗെയ്ലിന് തന്റെ മാതാപിതാക്കളുടെ കൊലപാതകം നേരിട്ട് കാണ്ടേണ്ടി വന്ന നിര്‍ഭാഗ്യവതിയാണ് ഈ കുരുന്ന്.

ആകെ ഭയന്നു പോയ പെണ്‍കുട്ടി അയല്‍വാസിയായ അവിഹായ് ബ്രോഡെറ്റ്സിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. എന്നാല്‍ അദേഹത്തിന്റെ കുടുംബത്തോടൊപ്പം അബി ഗെയ്ലിനേയും ഹമാസ് തടവിലാക്കി.

'അവള്‍ മോചിപ്പിക്കപ്പെട്ട് ഇസ്രയേലില്‍ എത്തിയിരിക്കുന്നു. ഭയാനകരമായ ഒരു ആഘാതത്തിലൂടെയാണ് കുട്ടി കടന്നു പോയത്'- അബി ഗെയ്ലിന്റെ മോചനം സ്ഥിരീകരിച്ചു കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

എന്നാല്‍ കുട്ടിയുടെ ആരോഗ്യ നിലയെക്കുറിച്ച് അറിവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ വൈറ്റ് ഹൗസ് പരിശ്രമിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാസയില്‍ നിന്ന് മോചിതയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ എത്തിയാണ് സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മരണം വലിയ ആഘാതം സൃഷ്ടിച്ചെങ്കിലും അബി ഗെയ്ലിനായി പ്രാര്‍ഥനയും പ്രതീക്ഷയുമായി കാത്തിരിക്കുകയായിരുന്നു ബന്ധുക്കള്‍.

'അബി ഗെയ്ല്‍ വീട്ടിലേക്ക് സുരക്ഷിതയായി മടങ്ങിയെത്തുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ആശ്വാസവും നന്ദിയും അറിയിക്കാന്‍ വാക്കുകളില്ല'- മോചനത്തിന് വഴിയൊരുക്കിയ ബൈഡനും ഖത്തര്‍ സര്‍ക്കാരിനും ബന്ധുക്കള്‍ നന്ദി അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമാകുന്നത്. അന്ന് ഇസ്രയേലില്‍ നടന്ന ആദ്യ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 240 ഓളം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഗാസയില്‍ 14000 ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. നാല്‍പ്പത്തിയൊന്‍പത് ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ശേഷം ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറിന്റെ ഭാഗമായി ഇരുപക്ഷത്തു നിന്നുമുള്ള ഏതാനും ബന്ദികളെ മോചിപ്പിച്ചിരുന്നു. അക്കൂട്ടത്തിലാണ് അബി ഗെയ്ല്‍ എന്ന കുരുന്നിന്റെ മോചനവും സാധ്യമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.