കുട്ടിയെ കടത്തിയ കാറിന്റെ ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും കണ്ടെത്തി

കുട്ടിയെ കടത്തിയ കാറിന്റെ ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും കണ്ടെത്തി

കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ കടത്തികൊണ്ടു പോകുന്നതിന് ഉപയോഗിച്ച കാറിന്റെ ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈല്‍ നമ്പറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി.

കൊല്ലം ജില്ലയിലെ നമ്പറില്‍ നിന്നാണ് വിളിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ തുടര്‍ന്നു വരികയാണ്. കുട്ടിയെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോയ കുട്ടിക്കായി സംസ്ഥാനമൊട്ടാകെ അരിച്ചുപെറുക്കി പരിശോധന നടത്തി വരികയാണ് പൊലീസ്. പ്രധാനമായും കൊല്ലത്തും സമീപജില്ലകളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

പ്രധാന റോഡുകള്‍ക്കു പുറമെ കാര്‍ കടന്നുപോകാന്‍ സാധ്യതയുള്ള എല്ലാ ചെറുറോഡുകളിലും വരെ പൊലീസ് പരിശോധന നടത്തി വരുന്നു. എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.

സംസ്ഥാന വ്യാപകമായി എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപക അന്വേഷണത്തിന് നിര്‍ദേശം നല്‍കി. തമിഴ്‌നാട് പോലീസിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും ഊര്‍ജിതമായി പരിശോധന നടത്തുന്നു.

കുട്ടിയെ തട്ടിക്കൊണ്ടു പോയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് സൂചന. തട്ടിക്കൊണ്ടു പോകുന്നതിന് ഉപയോഗിച്ച കാര്‍ മുന്‍പും സ്ഥലത്ത് കണ്ടിരുന്നതായി ദൃക്‌സാക്ഷിയായ സഹോദരന്‍ മൊഴിനല്‍കിയിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കരുതുന്ന സംഘം അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടി സുരക്ഷിതയാണെന്നും അഞ്ചുലക്ഷം തന്നാല്‍ മാത്രമേ കുട്ടിയെ തിരികെ നല്‍കുവെന്നും അമ്മയെ ഫോണില്‍ വിളിച്ച് ഒരു സ്ത്രീ അറിയിച്ചുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.

സംഭവം നടന്ന് നാലു മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. ഇതിനിടെ കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോണ്‍ കോളിന്റെ ആധികാരികതയെക്കുറിച്ച് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നു.

ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെ ഓയൂര്‍ മരുതമണ്‍പള്ളിക്കു സമീപം വച്ച് വൈകുന്നേരം നാലുമണിയോടെയാണു തട്ടിക്കൊണ്ടു പോയത്. സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറില്‍ നാലുപേരാണുണ്ടായിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കുക: 9946923282, 9495578999.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.