അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്; സിസി ടിവി കേന്ദ്രീകൃത അന്വേഷണം തുടരുന്നു

അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്; സിസി ടിവി കേന്ദ്രീകൃത അന്വേഷണം തുടരുന്നു

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്ന് പറയുന്ന പൊലീസ് മൂന്നാം ദിവസവും അന്വേഷണം തുടരുകയാണ്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ജില്ലയാകെ അരിച്ചു പെറുക്കിയിട്ടും സമീപ പ്രദേശങ്ങളില്‍ തന്നെ പ്രതികള്‍ കുട്ടിയുമായി 20 മണിക്കൂറിലധികം കഴിച്ചുകൂട്ടുകയും പിന്നീട് കൊല്ലം നഗര മധ്യത്തിലുള്ള ആശ്രാമം മൈതാനത്ത് പട്ടാപ്പകല്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.

അബിഗേലിന്റെ മൊഴി പ്രകാരം താമസിച്ചിരുന്ന വലിയ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ മുതല്‍ കാറില്‍ യാത്ര തുടങ്ങിയതാണ്. എന്നിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല. കൊല്ലം നഗരത്തിലൂടെ യാത്ര ചെയ്ത് ഉച്ചയ്ക്ക് കുട്ടിയെ ആശ്രാമം മൈതാനം പോലുള്ള പൊതു സ്ഥലത്ത് ഉപേക്ഷിച്ച് പോയിട്ടും പൊലീസിന് പ്രതികളിലേക്ക് എത്താനായില്ല എന്നതും ന്യൂനതയായി വിലയിരുത്തപ്പെടുന്നു.

ഇന്ന് കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടെയും രേഖാചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.

തട്ടിക്കൊണ്ടു പോയ സംഘത്തിന്റെ ഉദ്ദേശ്യം, കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയില്‍ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അതേസമയം കൊല്ലം വിക്ടോറിയ ആശുപത്രിയിലുള്ള അബിഗേല്‍ സാറ മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് വീട്ടിലേക്ക് മടങ്ങും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.