എന്റെ പൊന്നെ...! ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില

എന്റെ പൊന്നെ...! ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപയും കൂടി. 5810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

പവന് 45,920 രൂപയായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് 46,480 രൂപയിലെത്തിയത്. ഇതിന്റെ കൂടെ പണിക്കൂലിയും ജിഎസ്ടിയും കൂടി വരുമ്പോള്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ അര ലക്ഷത്തിലധികം കൊടുക്കേണ്ടി വരും. ഇന്നലെ പവന് 45,880ലും ഗ്രാമിന് 5,735 രൂപയ്ക്കുമായിരുന്നു വ്യാപാരം നടന്നത്.

അതേസമയം ഇരുപത്തിനാല് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 656 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ 50,704 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 82 രൂപ കൂടി 6,338 ആയി ഉയര്‍ന്നു. പതിനെട്ട് കാരറ്റിന് 496 രൂപ കൂടി. പവന് 38,032 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് പണപ്പെരുപ്പം വീണ്ടും ചര്‍ച്ചയായതും യുഎസ് ബോണ്ട് വരുമാനം ചാഞ്ചാട്ടം തുടരുന്നതും സ്വര്‍ണ വിലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രാദേശിക തലത്തില്‍ ഉത്സവങ്ങള്‍ തുടങ്ങാന്‍ പോകുന്നതും വിവാഹ സീസണും ഇനിയും വില വര്‍ധിപ്പിച്ചേക്കാം എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഡോളര്‍ കരുത്താര്‍ജിച്ചപ്പോള്‍ സ്വര്‍ണത്തിന് മങ്ങലേറ്റിരുന്നെങ്കില്‍ ഇപ്പോള്‍ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് സ്വര്‍ണ വില കുതിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ വര്‍ധന ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്.

യുദ്ധ പശ്ചാത്തലത്തില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് വീണ്ടും തിരിഞ്ഞത് പ്രവചനങ്ങള്‍ക്കതീതമായ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ സ്വര്‍ണ്ണ വിലയില്‍ ഏകദേശം 20 ശതമാനമാണ് വര്‍ധന.

സ്വര്‍ണം വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്കും പണയം വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമൊക്കെ അനുകൂല സമയമാണ് ഇത്. രാജ്യാന്തര വിപണിയിലെ വില വര്‍ധന മൂലം ആഭ്യന്തര വിപണിയില്‍ വീണ്ടും വില ഉയരുമോ എന്നാണ് നിക്ഷേപകരുടെ ചോദ്യം. സ്‌പോട്ട് ഗോള്‍ഡ് വിലയിലും യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സിലും ഇപ്പോള്‍ വര്‍ധനയുണ്ട്. ബുള്ളിയനുകള്‍ക്കും ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.