കാര്‍ഷിക നിയമങ്ങള്‍ക്ക് സ്റ്റേ; വിദഗ്ധ സമിതിയോട് യോജിപ്പില്ലെന്ന് കര്‍ഷകരുടെ ആദ്യ പ്രതികരണം

കാര്‍ഷിക നിയമങ്ങള്‍ക്ക് സ്റ്റേ; വിദഗ്ധ സമിതിയോട്  യോജിപ്പില്ലെന്ന് കര്‍ഷകരുടെ ആദ്യ പ്രതികരണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒന്നര മാസത്തിലധികമായി സമരം തുടരുന്ന കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസമേകി കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയമം നടപ്പാക്കുന്നത് റദ്ദു ചെയ്യുകയാണന്നും കോടതി വ്യക്തമാക്കി.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നാലംഗ സമിതി രൂപീകരിച്ചു. ഹര്‍സിമ്രത് മാന്‍, അശോക് ഗുലാത്തി, പ്രമോദ് ജോഷി, അനില്‍ ധനാവത് എന്നിവരാണ് സമിതിയംഗങ്ങള്‍.

എന്നാല്‍ വിദഗ്ധ സമിതി എന്ന തീരുമാനത്തോട് അനുകൂലമായല്ല കര്‍ഷക സംഘടനാ നേതാക്കളുടെ പ്രതികരണം. സമിതി രൂപീകരിച്ച് പ്രശ്‌ന പരിഹാരം നീട്ടിക്കൊണ്ടു പോവുകയല്ല, തങ്ങള്‍ക്കെതിരായ നിയമങ്ങള്‍ റദ്ദാക്കുകയാണ് വേണ്ടതെന്നാണ് കര്‍ഷകരുടെ അഭിപ്രായം. സുപ്രീം കോടതി വിധിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനും വിദഗ്ധ സമിതിയുമായി സഹകരിക്കണോ എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുവാനുമായി കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരും.

വിദഗ്ധ സമിതിയെക്കുറിച്ച് ആശങ്കയറിയിച്ച കര്‍ഷകരോട്  കര്‍ഷകര്‍ക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനല്ല സമിതിയെന്നും പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി പൊതുവായ ചിത്രം നല്‍കുക എന്നത് മാത്രമാണ് സമിതിയുടെ ഉത്തരവാദിത്വമെന്നും കോടതി വ്യക്തമാക്കി. സമിതിയുടെ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് എതിരാകും എന്ന ഭയം വേണ്ടന്നും കേടതി പറഞ്ഞു.

എന്നാല്‍ കര്‍ഷകര്‍ക്കു വേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായ ദുഷ്യന്ത് ദവെ അടക്കമുള്ള പ്രമുഖ അഭിഭാഷകര്‍ ഇന്ന് ഹാജരായില്ല. വിദഗ്ധ സമിതിയെന്ന തീരുമാനത്തോട് ഇന്നലെ വരെ യോജിക്കാതിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് പൂര്‍ണമായും യോജിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.

സുപ്രീം കേടതി വിധി തല്‍ക്കാലം കര്‍ഷകര്‍ക്ക് അനുകൂലമാണെങ്കിലും വിദഗ്ധ സമിതി രീപീകരണമെന്ന തീരുമാനത്തെ കര്‍ഷകരും കാര്‍ഷിക വിദഗ്ധരും എതിര്‍ക്കുന്ന സാഹചര്യവും നിലവിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.