ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് മുഖ്യ കാരണക്കാരായ മെയ്‌തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിക്കുന്നതിനായി കേന്ദ്രം ട്രൈബ്യൂണല്‍ രൂപീകരിച്ചു. ചില മെയ്‌തേയ് വിഭാഗങ്ങള്‍ക്ക് നവംബര്‍ 13 മുതല്‍ സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്.
ഒമ്പത് മെയ്തേയ് തീവ്രവാദ സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. മണിപ്പൂരില്‍ മെയ്‌തേയ് തീവ്രവാദ ഗ്രൂപ്പുകളെ നിരോധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗുവാഹത്തി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അടങ്ങുന്ന ട്രൈബ്യൂണല്‍ വിലയിരുത്തും.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക് , അതിന്റെ സായുധ വിഭാഗമായ റെഡ് ആര്‍മി, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കംഗ്ലേയ് യോള്‍ കന്‍ബ ലുപ് , അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് അവരുടെ മുന്നണി സംഘടനകള്‍ എന്നിവയെയാണ് നിയമവിരുദ്ധ സംഘടകളായി പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തേക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന് (യുഎപിഎ) കീഴിലാണ് ഇവയെ നിരോധിച്ചിരുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാരോപിച്ചാണ് ഗ്രൂപ്പുകളെ നിരോധിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേര്‍പിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്നും സര്‍ക്കാര്‍ പറയുന്നു.
മെയ്തേയ് തീവ്രവാദ സംഘടനകളെ കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ഇവ വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുമെന്നും അതിനായി തങ്ങളുടെ കേഡര്‍മാരെ അണിനിരത്തുമെന്നുമാണ് വിലയിരുത്തലെന്നും മന്ത്രാലയം വ്യക്തമാക്കി.
മെയ്‌തേയ് സമുദായത്തിന്റെ പട്ടിക വര്‍ഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ സംഘടിപ്പിച്ച ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിലാണ് ആദ്യ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മെയ് മൂന്ന് മുതല്‍ ആരംഭിച്ച വംശീയ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 180 ലധികം ആളുകളാണ് കൊല ചെയ്യപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.