ആഭരണ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വര്‍ണവില ഇടിഞ്ഞു

ആഭരണ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വര്‍ണവില ഇടിഞ്ഞു

കൊച്ചി: സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസത്തെ വില്‍പന. എന്നാല്‍ നവംബര്‍ മാസത്തിലെ അവസാന ദിനത്തില്‍ നേരിയ ആശ്വാസത്തിന് വകയുണ്ട്.

സ്വര്‍ണ വില വര്‍ധിക്കാന്‍ പ്രത്യേകമായ ഒരു കാരണം ചൂണ്ടിക്കാട്ടാന്‍ സാധിക്കില്ല. ഒട്ടേറെ ഘടകങ്ങളാണ് സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ ഭാഗമാകുന്നത്. ലോകത്തെ പ്രധാന വിപണിയായതിനാല്‍ അമേരിക്കയിലെ ചെറിയ ചലനം പോലും ആഗോളതലത്തില്‍ പ്രതിഫലിക്കും. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാമെന്നാണ് സൂചന.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ബുധനാഴ്ചത്തെ വില്‍പന. പവന് 46480 രൂപ. ഇന്ന് വില ഇടിഞ്ഞു. 480 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവന് 46000 രൂപയും ഗ്രാമിന് 5750 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. വില ഉയര്‍ന്നതിനാല്‍ വ്യാപാരത്തെ ബാധിക്കുമെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. അതേസമയം ഇനിയും ഉയരുമോ എന്ന ആശങ്കയില്‍ അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കാനുള്ള സാധ്യതയും അവര്‍ കാണുന്നു.

വിവിധ രീതിയില്‍ അഡ്വാന്‍സ് ബുക്കിങ് ജ്വല്ലറികള്‍ വാഗ്ദാനം ചെയ്യുന്നു. എത്ര തുക നല്‍കി ബുക്ക് ചെയ്യുന്നുവോ, അതനുസരിച്ചാണ് കാലാവധി നിശ്ചയിക്കുക. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. ഇക്കാലയളവില്‍ എപ്പോള്‍ വാങ്ങിയാലും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാം. പണിക്കൂലിയിലും ഇളവ് നല്‍കും. പകുതി തുക നല്‍കിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ കാലാവധിയും കുറയും.

അമേരിക്കന്‍ സാമ്പത്തിക രംഗം പണപ്പെരുപ്പ ഭീഷണി നേരിടുന്നുണ്ട്. ഡോളറിന്റെ മൂല്യവും ഇടിയുകയാണ്. ഡോളര്‍ ഇന്‍ഡക്സ് 102 ലേക്ക് ഇടിഞ്ഞിരുന്നു. ഇന്ത്യന്‍ രൂപ 83.33 എന്ന നിരക്കിലാണ് വ്യാപാരം. അതുകൊണ്ടു തന്നെ ആശങ്കയിലായ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ഇതാണ് സ്വര്‍ണവില കൂടുന്നത്. വെള്ളിയാഴ്ച നേരിയ വിലക്കുറവ് മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്ന് വ്യാപാരികള്‍ പറയുന്നു.

എണ്ണവില ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 83 ഡോളറിലെത്തിയിട്ടുണ്ട്. നേരത്തെ 79 ഡോളര്‍ വരെ ഇടിഞ്ഞ ശേഷമാണ് ഈ കയറ്റം. എണ്ണവില ഉയര്‍ന്നാല്‍ വിപണി അസ്ഥിരമാകാനുള്ള സാധ്യതയേറും. അതും സ്വര്‍ണവില ഉയരാനുള്ള കാരണമാണ്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി സംഭരിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമാകുന്നുണ്ട്.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ അര ലക്ഷം രൂപ ചുരുങ്ങിയത് വേണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ഇനി എങ്ങനെ സ്വര്‍ണം വാങ്ങുമെന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍. നേരത്തെ സ്വര്‍ണ വില കുതിച്ചുയര്‍ന്ന വേളയില്‍ കാരറ്റ് കുറഞ്ഞ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിരുന്നു. സമാനമായ സാഹചര്യം ഇനിയും വന്നേക്കാമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.