ലത്തീന്‍ സഭയ്ക്ക് ഇന്ത്യയില്‍ നാല് പുതിയ ബിഷപ്പുമാര്‍; ഫാ. അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം രൂപതാ ബിഷപ്

ലത്തീന്‍ സഭയ്ക്ക് ഇന്ത്യയില്‍ നാല് പുതിയ ബിഷപ്പുമാര്‍; ഫാ. അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം രൂപതാ ബിഷപ്

ബംഗളൂരു: കോട്ടപ്പുറം രൂപതയ്ക്ക് ഉള്‍പ്പെടെ ലത്തീന്‍ കത്തോലിക്കാ സഭയ്ക്ക് ഇന്ത്യയില്‍ നാല് പുതിയ ബിഷപ്പുമാര്‍കൂടി. കോട്ടപ്പുറം, അമരാവതി, ഗുംല, ഡാല്‍ട്ടന്‍ഗഞ്ച് രൂപതകള്‍ക്കാണ് പുതിയ ബിഷപ്പുമാര്‍. ഇവരുടെ നിയമന ഉത്തരവ് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വായിച്ച അതേ സമയത്ത് തന്നെ ഇന്ത്യയിലെ അതാത് രൂപതകളിലും വായിച്ചു.

കോട്ടപ്പുറം രൂപതാ ബിഷപ്പായി ഫാ. അംബ്രോസ് പുത്തന്‍വീട്ടിലിനേയാണ് നിയമിച്ചത് ഫാ. ആംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം രൂപതയിലെ പള്ളിപോര്‍ട്ടില്‍ 1967 ഓഗസ്റ്റ് 21 ന് ജനിച്ചു. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തത്വചിന്തയും ഓസ്ട്രിയയിലെ ഇന്‍സ്ബ്രൂക്കിലുള്ള കൊളീജിയം കാനിസിയാനത്തില്‍ ദൈവശാസ്ത്രത്തിലും പഠനം. ഇന്‍സ്ബ്രൂക്കിലെ ലിയോപോള്‍ഡ് ഫ്രാന്‍സന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പാസ്റ്ററല്‍ തിയോളജിയില്‍ ലൈസന്‍സും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മിസിയോളജിയില്‍ ഡോക്ടറേറ്റും നേടി.

1995 ജൂണ്‍ 11 ന് കോട്ടപ്പുറം രൂപതയില്‍ വൈദികനായി പട്ടം സ്വീകരിച്ചു. ബിഷപിന്റെ സെക്രട്ടറി (1995-1996), സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ (1998-2001), ഔവര്‍ ലേഡി ഓഫ് സ്‌നോയുടെ ഡപ്യൂട്ടി പാരിഷ് പ്രീസ്റ്റ് (2007-2008), ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രൊഫസര്‍ (2008-2014), ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി വൈസ് റെക്ടര്‍ (2014-2017), സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി റെക്ടര്‍ (2017-2019), സെന്റ് മൈക്കിള്‍ കത്തീഡ്രല്‍ വികാരി (2019-2022) എന്നീ പദവികള്‍ വഹിച്ച ശേഷം 2022 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ റെക്ടറായി പ്രവര്‍ത്തിച്ചുവരവെയാണ് പുതിയ പദവി.

മഹാരാഷ്ട്രയിലെ അമരാവതി ബിഷപ്പായി ഫാ. മാല്‍ക്കം സെക്വീറ (62), റാഞ്ചിയിലെ സഹായ മെത്രാനായി തിയോഡോര്‍ മസ്‌കരനാസ് (63), ജാര്‍ഖണ്ഡിലെ ഗുംല രൂപതയുടെ ബിഷപ്പായി ഫാ. ലീനസ് പിംഗല്‍ എക്ക (61)നെയും നിയമിച്ചു.

അമരാവതി രൂപത ബിഷപ്പായി നിമിക്കപ്പെട്ട ഫാ. മാല്‍ക്കം സെക്വീറ വസായ് രൂപതയിലെ ഗിരിസില്‍ 1961 നവംബര്‍ നാലിന് ജനിച്ചു. മുംബൈയിലെ സെന്റ് പയസ് എക്‌സ് കോളജില്‍ ഫിലോസഫിയും തിയോളജിയും പഠിച്ചു. 1996 ഏപ്രില്‍ 13 ന് വൈദികനായി. സെന്റ് പാട്രിക്‌സ് കത്തീഡ്രലിന്റെ റെക്ടര്‍, രൂപതാ കണ്‍സള്‍ട്ടന്റ്, വികാരി ജനറല്‍ തുടങ്ങിയ പദവികളും വഹിച്ചു.

ഡാല്‍ട്ടന്‍ഗഞ്ച ബിഷപ്പായി നിയമിതനായ ഫാ. തിയോഡോര്‍ 1960 നവംബര്‍ ഒന്‍പതിന് ഗോവ അതിരൂപതയിലെ കാമുര്‍ലിമില്‍ ജനിച്ചു. മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ സെന്റ് ചാള്‍സ് സെമിനാരിയില്‍ തത്വശാസ്ത്രവും ഗോവയിലെ പിലാര്‍ സൊസൈറ്റിയുടെ അഖിലേന്ത്യാ മിഷന്‍ സെമിനാരിയില്‍ ദൈവശാസ്ത്രവും പഠിച്ചു. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1988 ഏപ്രില്‍ 24 ന് വൈദികനായി.

ഗുംല ബിഷപ്പായി നിയമിക്കപ്പെട്ട ഫാ. ലീനസ് പിംഗല്‍ എക്ക 1961 സെപ്റ്റംബര്‍ 23 ന് ഗുംല രൂപതയിലെ ചെയിന്‍പൂരിലാണ് ജനിച്ചത്. ജബല്‍പൂരിലെ സെന്റ് അലോഷ്യസ് കോളജില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സില്‍ പഠിച്ച അദേഹം റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തിലും ദൈവ ശാസ്ത്രത്തിലും ലൈസന്‍സ് നേടി. 1994 ജനുവരി 22 ന് ഗുംല രൂപതയില്‍ വൈദികനായി. പൊന്തിഫിക്കല്‍ ഉര്‍ബാനിയാന യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26