കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കുട്ടിയുടെ പിതാവ് റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെയെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നുമാണ് റെജിയുടെ നിലപാട്. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസ സ്ഥലത്ത് നിന്ന് കൊണ്ടുപോയത് താന്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികള്‍ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ആ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്ന് മാറ്റിവച്ചതെന്നും റെജി വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തന്നെയും താന്‍ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണ്. ആരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും റെജി പറഞ്ഞു.
പല വ്യാജ വാര്‍ത്തകളും ഈ ഘട്ടത്തില്‍ വരുന്നുണ്ട്. താനുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഒരു രൂപയുടെ ആരോപണം തന്റെ പേരില്‍ ഉണ്ടായാല്‍ നിങ്ങള്‍ പറയുന്ന ശിക്ഷ ഏല്‍ക്കാന്‍ തയ്യാറാണ്. പത്തനംതിട്ടയില്‍ സ്വന്തമായി ഫ്‌ളാറ്റ് ഇല്ല. ജോലി ചെയ്യുന്ന ആശുപത്രി മാനേജ്മെന്റ് തന്ന ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നതെന്നും റെജി വ്യക്തമാക്കി.
അതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശാദാംശങ്ങള്‍ ഇന്ന് അന്വേഷണ സംഘത്തിനു കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്ത് സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസ് ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ല. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കേസില്‍ മാഫിയ സംഘങ്ങളുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.