ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തു വന്നു. തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തു വന്നത്.
കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ ഭരണം നിലനിര്‍ത്തുകയും ബിആര്‍എസില്‍ നിന്ന് തെലങ്കാന പിടിച്ചെടുക്കുകയും ചെയ്യുമെന്ന് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നു. എന്നാല്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ വച്ച മധ്യപ്രദേശിലെ എക്‌സിറ്റ്‌പോള്‍ ഫലം അത്ര ശുഭകരമല്ല. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ഭൂരിപക്ഷ സര്‍വേകളും പറയുന്നത്.
സംസ്ഥാനത്ത് നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം അവസാന ലാപ്പില്‍ ബിജെപിക്ക് മറികടക്കാനായി എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രചാരണത്തിന്റെ തുടക്കത്തില്‍ ഏറെ പ്രതിരോധത്തിലായിരുന്ന ബിജെപി പിന്നീട് മെല്ലെ മെല്ലെ പിടിച്ചു കയറുന്നതാണ് മധ്യപ്രദേശില്‍ കാണാനായത്.
എന്നിരുന്നാലും കോണ്‍ഗ്രസിന്റെ കര്‍ണാടക മോഡല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ജാതി സെന്‍സസ് നടപ്പാക്കുമെന്ന പ്രഖ്യാപനവും ചിട്ടയായ പ്രചാരണ പരിപാടികളും പാര്‍ട്ടിക്ക് വലിയ മുന്നേറ്റമാണ് നല്‍കിയത്. ബിജെപിയെ പോലെതന്നെ കോണ്‍ഗ്രസനും വിമത ശല്യമുണ്ടായെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രധാന നേതാക്കളായ കമല്‍നാഥും ദിഗ് വിജയ സിങും ഒരേ തൂവല്‍ പക്ഷികളായത് പ്രവര്‍ത്തകരിലും വലിയ ആവേശം സൃഷ്ടിച്ചിരുന്നു. 230 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 116 സീറ്റ് വേണം.
മധ്യപ്രദേശില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വളരെ വ്യത്യസ്തമാണെന്നും 130 ല്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നുമാണ് ദിഗ് വിജയ സിങ് പറയുന്നത്. കാരണം ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ്് ചൗഹാനെ ജനങ്ങള്‍ മടുത്തുവെന്നും അദേഹം വ്യക്തമാക്കുന്നു. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപി എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആശ്രയിക്കുന്നില്ലെന്നാണ് മുതിര്‍ന്ന നേതാവ് ഉമാഭാരതി പറഞ്ഞത്. പാര്‍ട്ടി വിജയം ഉറപ്പാണെന്നും അവര്‍ അടിവരയിടുന്നു.
തെലങ്കാനയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് കോണ്‍ഗ്രസിന് ഏറെ ആത്മവിശ്വാസം നല്‍കുന്നത്. യുപിഎ മന്ത്രിസഭയുടെ കാലത്ത് നടന്ന സംസ്ഥാന വിഭജനത്തിന് ശേഷം കോണ്‍ഗ്രസിന് ആന്ധ്രയിലോ തെലങ്കാനയിലോ പച്ച തൊടാന്‍ കഴിഞ്ഞിരുന്നില്ല. ആന്ധ്രയില്‍ രാജശേഖര റെഡ്ഡിയുടെ കാലത്തുണ്ടായിരുന്ന പ്രതാപം പാടെ നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസിന് മുഖ്യ പ്രതിപക്ഷമാകാന്‍ പോലും കഴിഞ്ഞിരുന്നില്ല.
തെലങ്കാനയിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. പുതിയ സംസ്ഥാനം നിലവില്‍ വന്നത് മുതല്‍ കെ. ചന്ദ്രശേഖര്‍ റാവു ആയിരുന്നു അധികാര കേന്ദ്രം. തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന അദേഹം മൂന്നാമൂഴമാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ചന്ദ്രശേഖര്‍ റാവുവിന് ഇപ്രാവശ്യം അടിപതറുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. 119 നിയമസഭാ സീറ്റുകളില്‍ എണ്‍പതില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡി അവകാശപ്പെടുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ക്യാമ്പുകള്‍ വലിയ ആവേശത്തിലാണ്. തൊണ്ണൂറില്‍ അറുപതിനടുത്ത് സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്നാണ് സര്‍വേ ഫലങ്ങള്‍. 2018 ല്‍ 90 ല്‍ 68 സീറ്റും നേടിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ജനകീയത തന്നെയാണ് കോണ്‍ഗ്രസിന് അനുകൂലമാകുക എന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ അവകാശവാദങ്ങളും എക്സിറ്റ് പോള്‍ കണക്കുകളും തള്ളിക്കളഞ്ഞ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് 52-55 സീറ്റുകളില്‍ വിജയിച്ച് ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ രാജസ്ഥാനില്‍ നാലാമതും മുഖ്യമന്ത്രിയാകാനുള്ള അശോക് ഗെലോട്ടിന്റെ സ്വപ്നങ്ങള്‍ ബിജെപി തകര്‍ക്കുമെന്നാണ് പ്രവചനം. കടുത്ത പോരാട്ടം വ്യക്തമാക്കുന്ന ഏഴില്‍ ആറ് എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനുകൂലമാണ്. മിക്ക സര്‍വേകളിലും ബിജെപിക്ക് 100 സീറ്റിന് മുകളില്‍ സാധ്യത പറയുന്നു. മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ് 100 കടക്കുമെന്നും പ്രവചനമുണ്ട്. 199 സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് 101 സീറ്റ് വേണം.
രാജസ്ഥാനിലും വിമതന്‍മാര്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഭരണവിരുദ്ധ വികാരം കാര്യമായില്ലെങ്കിലും ഗെലോട്ട്-സച്ചിന്‍ പോരാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് തലവേദന. പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന് ഇരുപക്ഷവും പറയുന്നുണ്ടെങ്കിലും കാലുവാരല്‍ സാധ്യത തള്ളിക്കളയാനാകില്ല. എങ്കിലും കോണ്‍ഗ്രസ് ക്യാമ്പ് ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.
മിസോറാമില്‍ 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 21 സീറ്റ് ആര്‍ക്കും ലഭിക്കില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ വ്യക്തമാക്കുന്നത്. 14-18 സീറ്റുകളുമായി എംഎന്‍എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധ്യതയുണ്ട്. പ്രധാന എതിരാളികളായ സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാനത്ത് 10-14 സീറ്റ് വരെ നേടും. കോണ്‍ഗ്രസിന് 9-13 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മിസോറാം ആര് ഭരിക്കണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.