തീരുമാനം പുനപരിശോധിക്കണം; നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ അനുമതി നിക്ഷേധിച്ച് വിദേശകാര്യ മന്ത്രാലയം

തീരുമാനം പുനപരിശോധിക്കണം; നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ അനുമതി നിക്ഷേധിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുവേണ്ടി യെമന്‍ സന്ദര്‍ശിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍.

തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തുനല്‍കി. വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കറാണ് നിമിഷ പ്രിയയുടെ അമ്മയ്ക്ക് കത്ത് കൈമാറിയത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്.

ഇപ്പോള്‍ യമന്‍ സന്ദര്‍ശിക്കുന്നത് യുക്തിപരമല്ലെന്നും അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം ജിബൂട്ടിയിലേക്ക് എംബസി മാറ്റിയിരിക്കുകയാണ്.

സനയിലെ സര്‍ക്കാരുമായി നിലവില്‍ ഔപചാരികമായ ബന്ധങ്ങള്‍ ഇല്ല. അവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികളും ഇല്ല. എങ്കിലും നിമിഷ പ്രിയയുടെ കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലഡ് മണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ ടോമി തോമസ്, സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞ് അഹമ്മദ് നടുവിലക്കണ്ടി, കോര്‍ കമ്മിറ്റി അംഗം സജീവ് കുമാര്‍ എന്നിവരാണ് യെമനിലേക്ക് പോകാന്‍ അനുമതി തേടിയിരുന്നത്.

കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവു കിട്ടും എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എന്നാല്‍ നേരത്തേ ബ്ലഡ് മണി സ്വീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല.

വധശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയിരുന്നു. യെമന്‍ പ്രസിഡന്റിന്റെ ഇടപെടലുണ്ടായാല്‍ കുടുംബം ബ്‌ളഡ് മണി സ്വീകരിച്ചില്ലെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചേക്കും. എന്നാല്‍ ഇതിനും നിയമപരമായ പരിമിതികളുണ്ട്.

യമന്‍ പൗരനായ തലാല്‍ അബ്ദോ മഹ്ദിയെ പാസ്പോര്‍ട്ട് തിരികെ ലഭിക്കാനുള്ള ശ്രമത്തിനിടെ 2017 ല്‍ ഉറക്കഗുളിക കുത്തിവച്ച് കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ ഇപ്പോള്‍ സനയിലെ ജയിലിലാണ്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.