ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേർ പിടിയിൽ

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; തമിഴ്‌നാട്ടിൽ നിന്ന് മൂന്ന് പേർ പിടിയിൽ

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക വഴിത്തിരിവ്. തമിഴ്നാട് പുളിയറയിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിൽ. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയിൽ നിന്ന് മൂന്ന് പേരെയും പിടികൂടിയത്.

പിടിയിലായ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നും സൂചനയുണ്ട്. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സൂചന.

സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. കൃത്യം നടത്തിയശേഷം എല്ലാ വിധ പൊലീസ് വലയവും ഭേദിച്ച് പ്രതികൾ തമിഴ്നാട്ടിലെത്തി എന്നത് ശ്രദ്ധേയമാണ്. തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് പ്രതികളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ സഹായത്തോടെയാണ് രേഖാ ചിത്രം തയാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാറിന്റെ ഡ്രൈവറുടെയും കുട്ടിയെ ആശ്രമത്തിൽ ഉപേക്ഷിച്ച സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പുറത്തു വിട്ടത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിൻറെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.