പത്തനംതിട്ട: മാര്‍ത്തോമാ സഭയിലെ നിയുക്ത ബിഷപ്പുമാരായ സാജു സി.പാപ്പച്ചന്‍ റമ്പാന്‍, ഡോ. ജോസഫ് ഡാനിയല്‍ റമ്പാന്‍, മാത്യു കെ.ചാണ്ടി റമ്പാന്‍ എന്നിവരുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനാഭിഷേക ശുശ്രൂഷ നാളെ തിരുവല്ല എസ്.സി.എസ് മൈതാനത്ത് നടക്കും.
രാവിലെ ഏഴിന് സെന്റ് മാര്‍ത്തോമാ പള്ളിയില്‍ നിന്ന് മൈതാനത്തേക്ക് നിയുക്ത ബിഷപ്പുമാരെ ആനയിക്കും. 7.30ന് തുടങ്ങുന്ന ശുശ്രൂഷയ്ക്ക് സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ ബിഷപ്പുമാര്‍ സഹകാര്‍മികരായിരിക്കും. സഹോദര സഭയിലെ ബിഷപ്പുമാരും ചടങ്ങില്‍ പങ്കെടുക്കും.
ചടങ്ങുകള്‍ക്ക് ശേഷം 11 ന് ചേരുന്ന അനുമോദന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കുകയും മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
ചടങ്ങിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാനായി സമ്മേളന സ്ഥലത്തെ പന്തലിന്റെ ഘടന പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രോണിക് വിഭാഗം എന്നിവര്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യും. തിരുവല്ല നഗരസഭ പാര്‍ക്കിങ് ക്രമീകരിക്കും.
കോഴഞ്ചേരി, ചങ്ങനാശേരി, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും സമ്മേളന നഗരിയില്‍ രാവിലെ എഴിന് ആളുകള്‍ക്ക് എത്താന്‍ കഴിയും വിധം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ക്രമീകരിക്കും. ഫയര്‍ഫോഴ്സിന്റെ ഒരു യൂണിറ്റും സമ്മേളന സ്ഥലത്ത് സജ്ജമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26