കൊല്ലം: ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ മൂന്നുപേരെയും അടൂര്‍ എ.ആര്‍ ക്യാമ്പിലെത്തിച്ചു. എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍, ഡി.ഐ.ജി ആര്‍. നിശാന്തിനി, ഐ.ജി സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്നു പേരാണ് പിടിയിലായത്.
ഇവരില്‍ പദ്മകുമാറിന് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇയാളുടെ ഭാര്യയുടെയും മകളുടെയും പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയാണ് പദ്മകുമാര്‍.
തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് കൊല്ലത്തെ ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേരും പോലീസ് നിരീക്ഷണത്തിലായിരുന്നെന്നാണ് വിവരം.
ചാത്തന്നൂരിലെ പദ്മകുമാറിന്റെ വീടിനു മുന്നില്‍ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ നിര്‍ത്തിയിരിക്കുന്ന നിലയിലുണ്ട്. ഈ കാറാണോ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതെന്ന് പരിശോധിക്കും. കൂടാതെ പദ്മകുമാറിന്റെ വീട്ടിലാണോ അന്ന് രാത്രി കുഞ്ഞ് കഴിഞ്ഞതെന്നതടക്കമുള്ള വിവരങ്ങളും പോലീസ് ഇവരില്‍ നിന്ന് തേടും.
പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും ഉടന്‍തന്നെ വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യവും പൊലീസിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
അതിനിടെ കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ഇടയാക്കിയതെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നഴ്‌സുമാരുടെ റിക്രൂട്ട്മെന്റും നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുമാണ് മുഖ്യ കാരണമെന്നാണ് പൊലീസിന്റെ അനുമാനം.
കുട്ടിയുടെ പിതാവ് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. ഇദേഹം ഭാരവാഹിയായ സംഘടനയില്‍പ്പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിന് സംശയമുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.