കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടും തുടര്‍ന്നുണ്ടായ വൈരാഗ്യവുമാണെന്ന് കസ്റ്റഡിയിലുള്ള പ്രതി പത്മകുമാറിന്റെ മൊഴി.
പണം നല്‍കിയിട്ടും മകള്‍ക്ക് നഴ്‌സിങ് പ്രവേശനം ലഭിച്ചില്ലെന്നും കൊടുത്ത പണം തിരികെ തന്നില്ലെന്നും പൊലീസിനോട് പറഞ്ഞ പത്മകുമാര്‍ കുട്ടിയുടെ പിതാവിനെയും കുടുംബത്തെയും ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും വ്യക്തമാക്കി.
പത്മകുമാറിനെ ഫോട്ടോയില്‍ നിന്ന് കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തിലധികം ചിത്രങ്ങള്‍ അന്വേഷണ സംഘം കുട്ടിയെ കാണിച്ചപ്പോള്‍ 'കഷണ്ടിയുള്ള മാമന്‍' സംഘത്തിലുണ്ടായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ചാത്തന്നൂര്‍ സ്വദേശിയായ കെ.ആര്‍ പത്മകുമാറും ഭാര്യയും മകളുമാണ് കേസില്‍ പിടിയിലായത്.
സംഭവത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നാണ് പത്മകുമാര്‍ പറയുന്നത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്ന് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂവരെയും അടൂര്‍ പൊലീസ് ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നീലനിറത്തിലുള്ള കാര്‍ തെങ്കാശിയില്‍ നിന്നും വെള്ളക്കാര്‍ പ്രതിയുടെ വീട്ടുമുറ്റത്ത് നിന്നുമാണ് കണ്ടെടുത്തത്. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍, ഡി.ഐ.ജി ആര്‍. നിശാന്തിനി, ഐ.ജി സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂര്‍ എ.ആര്‍ ക്യാമ്പിലുണ്ട്.
സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ച ഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.
തിങ്കളാഴ്ച വൈകുന്നേരമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. സ്‌കൂളില്‍ നിന്നെത്തിയ ശേഷം സഹോദരനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റര്‍ അപ്പുറത്തുള്ള വീട്ടില്‍ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവര്‍ പെണ്‍കുട്ടിയെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
അതിനിടെ പെണ്‍കുട്ടിയുടെ സഹോദരനെയും തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്ന വിവരവും പത്മകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് വ്യക്തമായി. രണ്ട് കുട്ടികളെയും തട്ടിക്കൊണ്ടു പോയി വില പേശുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ കുതറി മാറിയതോടെ ഇത് പാളുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.