ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്: പത്മകുമാര്‍ ഒന്നാം പ്രതി; മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസ്: പത്മകുമാര്‍ ഒന്നാം പ്രതി; മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാര്‍ ഒന്നാം പ്രതിയും ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.

ലോണ്‍ ആപ്പ് വഴിയും വായ്പയെടുത്തെന്നാണ് പത്മകുമാറിന്റെ മൊഴി. അഞ്ച് ലക്ഷം ഫോളോവേഴ്സ് ഉള്ള യൂട്യൂബര്‍ കൂടിയാണ് അനുപമ. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ്. ഹോളിവുഡ് താരങ്ങളേയും സെലിബ്രിറ്റികളേയും കുറിച്ചാണ് വീഡിയോകളില്‍ ഏറെയും. ഇവരുടെ വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോയും ഷോര്‍ട്‌സുമാണ് 'അനുപമ പത്മന്‍' എന്ന യൂട്യൂബ് ചാനലില്‍ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം കിഡ്നാപ്പിങിന് പല തവണ ശ്രമിച്ചുവെന്നും ഭീഷണിക്കത്ത് തയാറാക്കിയെന്നും കേസില്‍ മറ്റാര്‍ക്കും പങ്കില്ല എന്നും പ്രതികള്‍ മൊഴി നല്‍കി. കുട്ടിയുമായി ആശ്രാമം മൈതാനത്ത് ഓട്ടോയില്‍ വന്നത് പത്മകുമാറിന്റെ ഭാര്യ അനിതാ കുമാരിയാണ്. ചിന്നക്കടയിലൂടെയാണ് നീലക്കാറില്‍ പത്മകുമാറും ഭാര്യയും കുട്ടിയെ എത്തിച്ചത്. ലിങ്ക് റോഡില്‍ ഭാര്യയെയും കുട്ടിയേയും ഇറക്കി പത്മകുമാര്‍ ജ്യൂസ് കടയ്ക്കടുത്ത് കാത്തു നിന്നു. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ അനിതാ കുമാരി കുട്ടിയെ മൈതാനത്തിറക്കി രക്ഷപ്പെടുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്ന് വരെ മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴികളില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. പത്മകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയുന്നതാണ് സംഘത്തെ കുഴപ്പിക്കുന്നത്.

സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള ബ്ലാക് മെയിലിങ്, പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം, സാമ്പത്തിക തട്ടിപ്പ് എന്നിവയില്‍ ഇന്ന് കൃത്യം ആയ നിഗമനത്തിലെത്തുമെന്നാണ് വിവരം. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടാതെ കസ്റ്റഡിയിലുള്ളവരെ നേരിട്ട് കാണിച്ച് കുട്ടിയുടെ മൊഴിയെടുക്കും.

പത്മകുമാറിന്റെ കൂട്ടാളികളെക്കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്. ഡി.ഐ.ജിയും എ.ഡി.ജി.പിയും അടൂര്‍ കെഎപി ക്യാമ്പില്‍ തന്നെ തുടരുകയാണ്. ചോദ്യം ചെയ്യല്‍ നീണ്ടതോടെയാണ് ഇന്നലെ രാത്രി നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.