ചരിത്ര മുന്നേറ്റം: ശത്രുവിനെ തുരത്താന്‍ ഇനി സ്ത്രീ ശക്തി; ആദ്യത്തെ വനിത കമാന്‍ഡിങ് ഓഫീസറെ നിയമിച്ച് നാവികസേന

ചരിത്ര മുന്നേറ്റം: ശത്രുവിനെ തുരത്താന്‍ ഇനി സ്ത്രീ ശക്തി; ആദ്യത്തെ വനിത കമാന്‍ഡിങ് ഓഫീസറെ നിയമിച്ച് നാവികസേന

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് നാവികസേന തലപ്പത്ത് സ്ത്രീ സാന്നിധ്യം. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാന്‍ഡിങ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ വ്യക്തമാക്കി. ലെഫ്റ്റനന്റ് കമാന്‍ഡറായ വനിതാ ഉദ്യോഗസ്ഥ ഐഎന്‍എസ് ട്രിങ്കാറ്റിന്റെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കമാന്‍ഡിങ് ഓഫീസറായാകും ചുമതലയേല്‍ക്കുക.

കൂടാതെ ഇന്ത്യന്‍ നാവികസേനയില്‍ 1000-ത്തിലധികം വനിതാ അഗ്‌നിവീറുകളെ ഉള്‍പ്പെടുത്തിയതായും അദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ബാച്ചിലെ അഗ്‌നീവീരന്മാര്‍ ഐഎന്‍എസ് ചില്‍ക്കയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 272 വനിതാ അഗ്‌നീവിര്‍ ട്രെയിനികള്‍ ഉള്‍പ്പെടെയാണ് ഇവിടെ നിന്ന് ബിരുദം പാസായതെന്നും നാവികസേന മേധാവി പറഞ്ഞു. രണ്ടാമത്തെ ബാച്ചില്‍ 454 സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. സേനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.

വരുന്ന വര്‍ഷത്തോടെ ആയിരത്തോളം വനിതാ അഗ്‌നിവീറുകളെ നാവികസേനയുടെ ഭാഗമാക്കും. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2023. സാമ്പത്തിക, നയതന്ത്ര, കായിക രംഗങ്ങളിലും മറ്റ് വിവിധ മേഖലകളെ അടയാളപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നാവികസേനയ്ക്കും ശ്രദ്ധേയമായ വര്‍ഷമാണ് ഇത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകളും അന്തര്‍വാഹിനികളും വിമാനങ്ങളും ഉള്‍പ്പെടുത്താന്‍ സേനയ്ക്കായെന്നും അദേഹം പറഞ്ഞു.

കൂടാതെ സൈനിക, നയതന്ത്ര ദൗത്യങ്ങളും ചുമതലകളും ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കാനും സേനയ്ക്ക് കഴിഞ്ഞു. ഇനിയും അത് തുടരും. ചലനാത്മകമായ മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. സ്വാശ്രയത്വവും സുസ്ഥിര വികസനവുമാണ് സേന ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ സ്വന്തം യുദ്ധ വാഹിനികളും മറ്റ് പ്രതിരോധ സംവിധാനങ്ങളും സുസജ്ജമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിനപ്പുറവും അവ പ്രതിരോധം തീര്‍ക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

21 ദശലക്ഷം ചതുരശ്ര നോട്ടിക്കല്‍ മൈല്‍ വിസ്തൃതിയിലാണ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ പ്രവര്‍ത്തനങ്ങളിലും സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്ത്, വിക്രമാദിത്യ എന്നിവ ഉള്‍പ്പെട്ട ഇരട്ട വാഹിനിക്കപ്പലുകളുടെ കാര്യവും അദേഹം എടുത്തു പറഞ്ഞു. നാവികസേന ദിനത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.