മെഡിക്കല്‍ പ്രവേശനം: ഇനി മുതല്‍ കേന്ദ്രത്തിന്റെ ഏകീകൃത കൗണ്‍സലിങ് വഴി

മെഡിക്കല്‍ പ്രവേശനം: ഇനി മുതല്‍ കേന്ദ്രത്തിന്റെ ഏകീകൃത കൗണ്‍സലിങ് വഴി

തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ, ബിരുദാനന്തര പ്രവേശനം കേന്ദ്രത്തിന്റെ ഏകീകൃത കൗണ്‍സലിങ് വഴിയാക്കുന്നു. ഇതോടെ സംസ്ഥാനത്തെ റാങ്ക് പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാകും നല്‍കുക.

നിലവില്‍ സംസ്ഥാനത്തെ 85 ശതമാനം സീറ്റുകളില്‍ നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എന്‍ട്രന്‍സ് കമ്മിഷണറാണ് റാങ്ക് പട്ടിക തയ്യാറാക്കിയിരുന്നത്. ഇനി കേന്ദ്ര പട്ടികയില്‍ നിന്ന് പൂര്‍ണമായി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇനിമുതല്‍ അഖിലേന്ത്യാ, സംസ്ഥാന അലോട്ട്‌മെന്റുകള്‍ക്ക് ഒറ്റ രജിസ്‌ട്രേഷന്‍ മതിയാവും. സംസ്ഥാന ക്വോട്ടയിലേക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

എം.ബി.ബി.എസിന് പുറമെ ബി.ഡി.എസ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയിലും നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നായിരുന്നു പ്രവേശനം. ബി.ഡി.എസ്, എം.ഡി.എസ് പ്രവേശനത്തിനും ഏകീകൃത കൗണ്‍സലിങിന് ദേശീയ ഡെന്റല്‍ കമ്മിഷന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

അതേസമയം ആയുര്‍വേദം, ഹോമിയോ, സിദ്ധ തുടങ്ങിയ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് സംസ്ഥാനത്ത് പ്രത്യേക രജിസ്‌ട്രേഷനും റാങ്ക് ലിസ്റ്റും വേണ്ടി വരും. ഇതിന് സംസ്ഥാന മാനദണ്ഡ പ്രകാരമുള്ള രേഖകള്‍ നല്‍കണം. നിലവിലെ കേന്ദ്ര, സംസ്ഥാന ക്വോട്ടകളില്‍ വ്യത്യാസം ഉണ്ടാവില്ല.
നിലവില്‍ മെഡിക്കല്‍ ബിരുദ, ബിരുദാനന്തര പ്രവേശനം കേന്ദ്ര, സംസ്ഥാന കൗണ്‍സലിങ് വെവ്വേറെ നടത്തുന്നതിനാല്‍ പ്രവേശനത്തിന് കാലതാമസം ഉണ്ട്. ഏകീകൃത കൗണ്‍സലിങില്‍ ഒരുമാസം കൊണ്ട് പ്രവേശനം പൂര്‍ത്തിയാക്കാം.

ഓള്‍ ഇന്ത്യ ലിസ്റ്റില്‍ അപേക്ഷിച്ചാലുള്ള മറ്റൊരു ഗുണം മുന്‍നിരക്കാര്‍ക്ക് അവര്‍ ഫസ്റ്റ് ഓപ്ഷനായി കൊടുക്കുന്ന കോളജില്‍ തന്നെ അവസരം കിട്ടും എന്നതാണ്. പക്ഷെ ലിസ്റ്റില്‍ താഴെ വരുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ കോളജുകളിലേക്കായിരിക്കും അലോട്ട്‌മെന്റ് വരുന്നത്. കഴിഞ്ഞവര്‍ഷം 1.33 ലക്ഷം കുട്ടികളാണ് പ്രവേശനത്തിന് അപേക്ഷിച്ചിരുന്നത്.

കുട്ടികള്‍ക്ക് ലഭിക്കുന്ന മറ്റ് നേട്ടങ്ങള്‍

പ്രവേശനത്തിലെ ക്രമക്കേട് ഇല്ലാതാവും
നീറ്റ് മെറിറ്റില്‍ എല്ലാ സീറ്റിലും പ്രവേശനം
സീറ്റുകള്‍ കാലിയാവുന്നത് ഒഴിവാകും
സീറ്റ് വില്‍പന, തലവരി ഇല്ലാതാവും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.