ന്യൂഡല്‍ഹി: ലൈംഗികാതിക്രമത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക്, എല്ലായ്‌പ്പോഴും പദാനുപദമായി വിശദാംശങ്ങള്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പെണ്‍കുട്ടിക്കുണ്ടാകുന്ന മാനസികാഘാതം പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തി നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറ്റാരോപിതര്‍ക്കും ഇരയാകുന്നവര്‍ക്കും ന്യായമായ നീതി നല്‍കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ മൊഴികള്‍ പരിശോധിക്കുന്നത്. അല്ലാതെ വാക്കുകളുടെ കര്‍ശനമായ കൃത്യതയല്ല അവിടെ അളവുകോലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുമ്പോള്‍ പെണ്‍കുട്ടിക്കുണ്ടാകുന്ന ആഘാതം പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതിജീവിതയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലം, ലൈംഗികാതിക്രമം, പിന്നീട് കുഞ്ഞിന് ജന്മം നല്‍കിയത് മൂലം അവര്‍ നേരിട്ട മാനസികാഘാതം എന്നിവ ഒരു ഘട്ടത്തിലും കോടതിക്ക് അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോക്സോ നിയമ പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.