ദേശീയ ദിനത്തിൽ യുഎഇയ്ക്ക് ആദരവർപ്പിച്ച് എആർ റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ അവിസ്മരണീയ പ്രകടനം

ദേശീയ ദിനത്തിൽ യുഎഇയ്ക്ക് ആദരവർപ്പിച്ച് എആർ റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ അവിസ്മരണീയ പ്രകടനം

വരാനിരിക്കുന്നത് നിസ്വാർത്ഥമായി അധ്വാനിക്കുന്ന എല്ലാവരെയും ആദരിക്കാൻ വേണ്ടിയുള്ള ഗാനമെന്ന് റഹ്‌മാൻ

അബുദാബി: ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി സംഗീതജ്ഞൻ എആർ റഹ്‌മാനും അദ്ദേഹത്തിൻറെ ഫിർദോസ് ഓർക്കസ്ട്രയും അബുദാബിയിൽ അണിനിരന്നപ്പോൾ 52-ാം ദേശീയ ദിനാഘോഷം യുഎഇക്ക് അവിസ്മരണീയം. 29 രാജ്യങ്ങളിൽ നിന്നുള്ള 52 വനിതകൾ അടങ്ങുന്ന എആർ റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്ര അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് പ്രചോദനാത്മകമായ സംഗീതാവതരണം നടത്തിയത്. യുഎഇ അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയുടെ പിന്തുണയോടെ സ്ഥാപിച്ച ഓർക്കസ്ട്രയുടെ ദേശീയ ദിനത്തിലെ പ്രത്യേക പ്രകടനം നയിച്ചത് മോണിക്ക വുഡ്‌മാനാണ്.

ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിങ്‌സാണ് 'സിംഗിംങ് ഫോർ ദി ചിൽഡ്രൻ ഓഫ് സായദ്' എന്ന പ്രത്യേക പരിപാടിക്ക് വേദിയൊരുക്കിയത്. സമ്പൂർണ്ണ വനിതാ ഓർക്കസ്ട്രയ്‌ക്കൊപ്പം 50 ഗായകരും സംഗീത സായാഹ്നത്തിന്റെ ഭാഗമായി. ഭാവി തലമുറ രാജ്യത്തിന്റെ ശക്തിയാണെന്ന യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ ദർശനങ്ങൾക്ക് ചടങ്ങ് ആദരവർപ്പിച്ചു.

ഐക്യത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും മൂല്യങ്ങൾ പ്രതിധ്വനിക്കുന്ന സിംഫണിയാണ് ഫിർദോസ് ഓർക്കസ്ട്ര അവതരിപ്പിച്ചത്. യു.എ.ഇ ദേശീയഗാനത്തിന്റെ വൈവിധ്യമേറിയ അവതരണം, ബറോക്ക് ഫ്ലെമെൻകോ, ഔർസാസേറ്റ്, എക്‌സ്റ്റസി ഓഫ് ഗോൾഡ്, സ്പിരിറ്റ് ഓഫ് രംഗീല എന്നിവയുൾപ്പെടെയുള്ള സംഗീതാവതരണങ്ങൾ ആസ്വാദകർക്ക് വ്യത്യസ്ത അനുഭവമായി.

യുഎഇയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പുതിയ സംഗീത പദ്ധതി

വിശിഷ്ട വ്യക്തികൾക്കൊപ്പം ബുർജീൽ മെഡിക്കൽ സിറ്റിയിലെ രോഗികളും ആരോഗ്യ പ്രവർത്തകരും ഒത്തുചേർന്ന ചടങ്ങിൽ, യു.എ.ഇ.ക്ക് സമർപ്പിക്കുന്ന തന്റെ വരാനിരിക്കുന്ന ഗാനം റഹ്മാൻ പ്രഖ്യാപിച്ചു. ബുർജീൽ ഹോൾഡിംഗ്‌സുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് പുതിയ ഗാനം. പ്രതീക്ഷയുടെ ഗാനമുണ്ടാക്കുകയാണ് കൂട്ടായ്മയുടെ ലക്‌ഷ്യം. നിസ്വാർത്ഥമായി അധ്വാനിക്കുന്ന എല്ലാവരെയും ആദരിക്കാൻ വേണ്ടിയുള്ള ഗാനമാണിത്. ലോകത്തിന് ഇന്ന് പ്രതീക്ഷ ആവശ്യമാണ്. സംഗീതം സമാധാനവും സന്തോഷവും നൽകും. ദുബായിലെ എക്‌സ്‌പോ സിറ്റിയിൽ നിന്ന് ഉടലെടുത്ത ഫിർദൗസ് ഓർക്കസ്ട്ര യുഎഇയുടെ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ ദേശീയദിനത്തിലെ പ്രത്യേക സംഗീതാവതരണത്തിനും പുതിയ സംഗീത പദ്ധതിക്കും എആർ റഹ്‌മാനും ഫിർദോസ് ഓർക്കസ്ട്രയ്ക്കും ഡോ. ഷംഷീർ നന്ദി പറഞ്ഞു. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം സംഗീതത്തിലൂടെ പങ്കുവയ്ക്കുന്നത് എല്ലാവർക്കും പ്രചോദനകരമാകും. എആർ റഹ്‌മാനുമായുള്ള പങ്കാളിത്തത്തിലൂടെയുള്ള സംഗീത പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.