യെമന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച വിദേശകാര്യ മന്ത്രാലയത്തിനെതിരെ നിമിഷ പ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍

യെമന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച വിദേശകാര്യ മന്ത്രാലയത്തിനെതിരെ നിമിഷ പ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: യെമന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്ത് യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ പ്രേമകുമാരി ഹര്‍ജിയില്‍ പറയുന്നു.

യെമനില്‍ മകളെ സന്ദര്‍ശിക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് നിമിഷയുടെ അമ്മയ്ക്കായി കോടതിയില്‍ ഹാജരായത്. യെമനില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായവരുടെ പട്ടികയും കോടതിക്ക് കൈമാറി.

നേരത്തെ യെമനില്‍ ജോലി ചെയ്ത ഇന്ത്യക്കാരാണ് പട്ടികയിലുള്ളവര്‍. ഇവരോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അതേ സമയം, ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി കേന്ദ്രം രംഗത്തെത്തി. ചിലര്‍ക്ക് യമനില്‍ പോകാന്‍ അനുവാദം നല്‍കാറുണ്ടെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു.

നിമിഷ പ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ അമ്മ പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിമിഷ പ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13 ന് യെമന്‍ സുപ്രീം കോടതി തള്ളിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.