കാസര്‍ഗോഡ് - തിരുവനന്തപുരം: രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ ട്രാക്ടര്‍ പരേഡ് 15 മുതല്‍ 26വരെ

കാസര്‍ഗോഡ് - തിരുവനന്തപുരം:  രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ  ട്രാക്ടര്‍ പരേഡ് 15 മുതല്‍ 26വരെ

കൊച്ചി: ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് കര്‍ഷക ട്രാക്ടര്‍ പരേഡ് നടത്തുന്നു.

ജനുവരി 15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍നിന്ന് ആരംഭിച്ച് 25ന് തിരുവനന്തപുരത്ത് ട്രാക്ടര്‍ പരേഡ് അവസാനിക്കും. 26ന് ഡല്‍ഹിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് നടക്കുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്നും വിഴിഞ്ഞം അദാനി പോര്‍ട്ടിലേയ്ക്ക് കര്‍ഷക പരേഡ് നടക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സിസെബാസ്റ്റ്യന്‍ പറഞ്ഞു.

ദേശീയ കര്‍ഷക പ്രക്ഷോഭത്തോടൊപ്പം കേരളത്തിലെ ഭൂപ്രശ്നങ്ങള്‍ വന്യമൃഗശല്യം, കാര്‍ഷികോത്്പന്നങ്ങളുടെ വിലത്തകര്‍ച്ച, പരിസ്ഥിതി ലോല ഇക്കോ സെന്‍സിറ്റീവ് വിജ്ഞാപനങ്ങള്‍, കൃഷി, വനം, റവന്യൂ വകുപ്പുകളുടെ കര്‍ഷക ദ്രോഹങ്ങള്‍, കര്‍ഷക വിരുദ്ധ രാജ്യാന്തര കരാറുകള്‍ എന്നിവയും കര്‍ഷക പരേഡിലൂടെ സംസ്ഥാനത്തുടനീളം മുഖ്യ ചര്‍ച്ചാവിഷയമായി കേരളത്തിലെ വിവിധ കര്‍ഷക സംഘടനകള്‍ ഉന്നയിക്കും. ദേശീയ കര്‍ഷക പ്രശ്നങ്ങളുടെ പേരില്‍ സംസ്ഥാനത്തെ കാര്‍ഷിക വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സംസ്ഥാനത്തെ 14 ജില്ലകളിലും വിവിധ കര്‍ഷക സംഘടനകള്‍ കര്‍ഷക ട്രാക്ടര്‍ പരേഡിന് വന്‍ വരവേല്‍പു നല്‍കും. ഓള്‍ ഇന്ത്യ ഫാര്‍മേഴ്സ് അസോസിയേഷന്‍ ചെയര്‍മാനും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ജനറല്‍ കണ്‍വീനറുമായ അഡ്വ.ബിനോയ് തോമസ് കര്‍ഷക ട്രാക്ടര്‍ പരേഡ് നയിക്കും. വി.ഫാം ചെയര്‍മാനും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനറുമായ ജോയി കണ്ണംചിറ, എഫ്.ആര്‍.എഫ്. സംസ്ഥാന കണ്‍വീനറും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സെക്രട്ടറിയുമായ എന്‍.ജെ ചാക്കോ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരായിരിക്കും.

ഇതേപ്പറ്റി ആലോചിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാനതല യോഗം രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോഡിനേറ്റര്‍ ബിജു കെ.വി ഉദ്ഘാടനം ചെയ്തു. എഫ്.ആര്‍.എഫ്. ചെയര്‍മാനും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാനുമായ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു.

വി.ഫാം ചെയര്‍മാന്‍ ജോയി കണ്ണംചിറ, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ പി.ടി ജോണ്‍, ഫെയര്‍ട്രേഡ് അലയന്‍സ് കേരള സംസ്ഥാന കണ്‍വീനര്‍ തോമസ് കളപ്പുരയ്ക്കല്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ട്രഷറര്‍ രാജു സേവ്യര്‍, സംസ്ഥാന കണ്‍വീനര്‍ മാര്‍ട്ടിന്‍ തോമസ്, കര്‍ഷക ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ ജയിംസ് പന്ന്യാംമാക്കല്‍, എന്‍. ജെ ചാക്കോ, ഇബ്രാഹിം തെങ്ങില്‍, ജോസഫ് വടക്കേക്കര, ജോയി മലമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍ഷക ട്രാക്ടര്‍ പരേഡിന്റെ വിജയത്തിനായി സംസ്ഥാന ചെയര്‍മാന്‍ വി.സി സെബാസ്റ്റ്യന്‍ ചെയര്‍മാനായി 101 അംഗ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നതായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.