ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര തീരം തൊടും. ഉച്ചയോടെ ആന്ധ്രയില്‍ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലായി കര തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 110 കിലോ മീറ്ററായിരിക്കും അപ്പോള്‍ കാറ്റിന്റെ വേഗത.
തമിഴ്നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ വലിയ നാശനഷ്ടമുണ്ടായി. ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് മലയാളികള്‍ അടക്കം ലക്ഷക്കണക്കിനാളുകള്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടുകളില്‍ കുടുങ്ങി.
കാറുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഒലിച്ചുപോയി. കേരളത്തിലേക്കുള്ളതടക്കം നിരവധി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.റോഡ് ഗതാഗതം പാടെ നിലച്ചു. വൈദ്യുതി വിതരണം മുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ 12 യൂണിറ്റുകള്‍ രംഗത്തുണ്ട്. ഇന്നലെ അടച്ച വിമാനത്താവളം ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട്.
47 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയില്‍ ഇന്നലെ ലഭിച്ചത്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, വിഴുപുറം, തിരുവണ്ണാമലൈ, റാണിപ്പെട്ട് ജില്ലകളിലാണ് പേമാരി. ഏഴ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി നല്‍കി. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷകള്‍ മാറ്റി വച്ചു.
ആന്ധ്രാപ്രദേശിലെ എന്‍.ടി.ആര്‍, കൃഷ്ണ ഉള്‍പ്പെടെ എട്ടു ജില്ലകള്‍ക്ക് ഇന്നും അവധിയാണ്. പുതുച്ചേരി നഗരത്തിലും സമീപ ജില്ലയായ കാരയ്ക്കലിലും മഴ ശക്തമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി സംസാരിച്ചു. കൂടുതല്‍ എന്‍.ഡി.ആര്‍.എഫ് സംഘത്തെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.