തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. 2020നും 2022നും ഇടയിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2022 ല്‍ മാത്രം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് 15,213 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2020 ല്‍ ഇത് 10,139 ആയിരുന്നു. 2022 ലെ 15,213 കേസുകളില്‍ 4,998 എണ്ണവും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 4,940 കേസുകള്‍ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2,957 പോക്സോ കേസുകളാണ് 2022 ല്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ കേസുകള്‍ ഉള്‍പ്പടെ ആകെ 20,528 കേസുകളാണ് 2022 ല്‍ പൊലീസ് അന്വേഷിച്ചത്. ഇതില്‍ 15,782 കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കാന്‍ പൊലീസിനായി. 6,792 കേസുകളുടെ അന്വേഷണം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിവിധ കോടതികളിലായി 2022 ല്‍ 92,929 കേസുകളാണ് വിചാരണയ്ക്കായി ലിസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ മുന്‍ വര്‍ഷങ്ങളിലെ 77,147 കേസുകളും ഉള്‍പ്പെടുന്നുണ്ട്. കോടതിയിലെത്തിയ കേസുകളില്‍ 8,397 എണ്ണം തീര്‍പ്പാക്കി. 7,768 കേസുകളുടെ മാത്രം വിചാരണയാണ് പൂര്‍ത്തിയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് 84,532 കേസുകള്‍ കോടതികളില്‍ വിചാരണ ചെയ്യപ്പെടാതെ കിടക്കുന്നു എന്നാണ്.
അതേസമയം തട്ടികൊണ്ട് പോകല്‍ കേസുകളുടെ എണ്ണവും 2020ല്‍ നിന്നും 2022 ല്‍ വര്‍ധിച്ചു. 2020 ല്‍ 307 തട്ടികൊണ്ട് പോകല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022 ല്‍ 403 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ തട്ടിക്കൊണ്ടുപോയ 224 പെണ്‍കുട്ടികളില്‍ 209 പേരും 12-18 വയസ് പ്രായമുള്ളവരാണ്.
മാത്രമല്ല രാജ്യാത്തൊട്ടാകെ സ്ത്രീകള്‍ക്കെതിരായ കുറ്റ കൃത്യങ്ങളും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ല്‍ ഇന്ത്യയിലൊട്ടാകെ സ്ത്രീകള്‍ക്കെതിരായ 4,45,256 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനത്തിന്റെ വര്‍ധനവാണിത്.
എന്‍സിആര്‍ബി പുറത്തുവിട്ട വാര്‍ഷിക കുറ്റകൃത്യ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം ജനസംഖ്യയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 66.4% ആണ്. ഒരു മണിക്കൂറില്‍ ഏകദേശം 51 എഫ്ഐആറുകള്‍ എന്ന വിധത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.