മിഷോങ് ചുഴലിക്കാറ്റ് കര തൊട്ടു: ആന്ധ്രയില്‍ കനത്ത മഴ; മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചു

മിഷോങ് ചുഴലിക്കാറ്റ് കര തൊട്ടു: ആന്ധ്രയില്‍ കനത്ത മഴ; മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചു

നെല്ലൂര്‍: മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രാപ്രദേശില്‍ അതീവ ജാഗ്രത. ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്.

നെല്ലൂരിനും മച്ച്ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്.

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപ്തല, കൃഷ്ണ, പടിഞ്ഞാറന്‍ ഗോദാവരി, കൊണസീമ, കാക്കിനാഡ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്.

ആന്ധ്രയിലെ വിശാഖപട്ടണം, തിരുപ്പതി, രാജമുണ്‍ട്രി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഈ വിമാനത്താവളങ്ങളിലേക്കുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാനത്താവളങ്ങളിലെ 51 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇത് കൂടാതെ നൂറോളം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

ദുരിതാശ്വാസത്തിനായി എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ഉദ്യോഗസ്ഥരോടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 211 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്. പതിനായിരത്തോളം പേര്‍ ഈ ക്യാമ്പുകളിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.