സമൂഹത്തിൽ വ്യത്യസ്ത നിലകളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തുന്നു "വേറിട്ട വഴിവിളക്കുകൾ" എന്ന ഒരു പ്രതിവാര പക്തി സീന്യൂസ് ലൈവ് ആരംഭിക്കുന്നു. രാഷ്ട്രീയം, മാധ്യമം, ആത്മീയ ശുശ്രൂഷ, ആരോഗ്യ രംഗം, തുടങ്ങി വ്യത്യസ്തത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയാണ് ഓരോ ആഴ്ചകളിലും ഈ പരമ്പരയിലൂടെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. ഈ ആഴ്ച പരിചയപ്പെടുത്തുന്നത് അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡിയെ ആണ്.
തൊടുപുഴ മുട്ടം കോടതിയിൽ പണമില്ലാത്തതിന്റെ പേരിൽ ആർക്കും നീതി നിഷേധിക്കുന്നില്ല. കോടതി കാര്യങ്ങളിൽ അറിവോ പരിചയമോ ഇല്ലാത്ത ആരും ഇവിടെ പരാജയപ്പെടുന്നില്ല. കാരണം ആർക്കും ഏതു നേരവും സമീപിക്കാവുന്ന ഒരു വാതിൽ അവിടെ തുറന്നു കിടപ്പുണ്ട്. ആ വാതിലാണ് അല്ലെങ്കിൽ കനിവിന്റെ മുഖമാണ് അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡി.
കേരളത്തിൽ നമുക്ക് ധാരാളം കത്തോലിക്കാ സിസ്റ്റേഴ്സിനെ കാണാൻ സാധിക്കും. അതിൽ കൂടുതൽ പേരും വിദ്യാലയങ്ങളിലും ആതുരാലയങ്ങളിലും സേവനം ചെയ്യുന്നവരാണ്. എന്നാൽ വക്കീലായ കന്യാസ്ത്രിമാർ കൈവിരലിലെല്ലാണ്ണാവുന്നത് മാത്രമാണുള്ളത്. അതിൽ പ്രധാനിയാണ് സിസ്റ്റർ ജോസിയ എസ്.ഡി.
സഭയ്ക്കും സന്യാസത്തിനുമെതിരെ ശബ്ദങ്ങൾ ഉയരുമ്പോൾ അതിനെ പ്രതിരോധിക്കാൻ തന്റെ വാക്ക് ശരങ്ങളുമായി തെരുവിൽ ഇറങ്ങാൻ പോലും സിസ്റ്റർ മടിക്കില്ല അതിനാൽ തന്ന തീപ്പൊരി പ്രാസംഗിക എന്ന പേര് സിസ്റ്ററിനുണ്ട്. കേരളത്തിൽ സന്യസ്തർക്ക് മഠങ്ങളിൽ യാതൊരു സ്വാതന്ത്ര്യവും ഇല്ലെന്നും അവർ ഇരുമ്പറക്കുള്ളിലാണ് ജീവിക്കുന്നതെന്നും ചില കന്യാസ്ത്രീകൾ വിവാദപരമായ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് മഠങ്ങളിലെ സ്വാതന്ത്ര്യ ജീവിതം സിസ്റ്റർ ജീവിതത്തിലൂടെ പ്രാവർത്തികമാക്കുന്നത്. പ്രേക്ഷിത ദൗത്യത്തിനായി ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വളരെ മികച്ച രീതിയിലാണ് സിസ്റ്റർ ഉപയോഗിക്കുന്നത്.
ചെറുപ്പം മുതലേ നീതിയും ന്യായവും എല്ലാവർക്കും ലഭ്യമാകണമെന്ന ഉറച്ച ആഗ്രഹമുണ്ടായിരുന്ന ജോസിയ സഭയുടെ മണവാട്ടിയായപ്പോഴും ആ മോഹം ഉള്ളിൽ കാത്ത് നിയമം പഠിച്ച് വക്കീലായി. സന്യാസ സമൂഹം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിസ്റ്റർ നിയമ പഠനത്തിന് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേരുന്നത്.
റാങ്കോടു കൂടി പഠനം പൂർത്തിയാക്കിയ സിസ്റ്റർ അഗതികളെയും അനാഥരെയും ശുശ്രൂഷിക്കുക എന്ന തന്റെ സന്യാസ സമൂഹത്തിന്റെ ലക്ഷ്യം മുൻനിർത്തി പാവപ്പെട്ടവർക്കും സാധാരണക്കാർക്കുമായി തന്റെ ജീവിതം മാറ്റിവെക്കുകയാണ്. പണമില്ല എന്നതിന്റെ പേരിൽ ഒരിക്കൽ പോലും സിസ്റ്ററിന്റെ പക്കൽ നിന്ന് ആർക്കും മടങ്ങി പോവേണ്ടി വന്നിട്ടില്ല. കാരണം തന്റെ പ്രവർത്തനങ്ങൾക്കായി സിസ്റ്റർ ഒരു തുകയും നിശ്ചയിച്ചിട്ടില്ല. ഫീസില്ലതെയാണ് സിസ്റ്റർ തന്റെ കക്ഷിക്കായി കോടതിയിൽ വാദിക്കുന്നതെന്നതും ശ്രദ്ധേയം.
തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി മാത്യു, അന്നക്കുട്ടി ദമ്പതികളുടെ മകളായ ജോസിയ 18 വർഷം മുമ്പാണ് സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനി സമൂഹത്തിൽ അംഗമാകുന്നത്. ഏക സഹോദരൻ ജോബി അപകടത്തിൽ മരിച്ചതിന്റെ വേദന ഇപ്പോഴും സിസ്റ്ററിന്റെ കുടുംബത്തിൽ നൊമ്പരമായി അവശേഷിക്കുന്നു.
കോതമംഗലം സെന്റ് വിൻസെന്റ് പ്രൊവിൻസ് അംഗമായ സിസ്റ്ററുടെ സഭയുടെ പേര് പോലെ തന്നെ അഗതികളുടെ സഹോദരിയായി അറിയപ്പെടാനാണ് ആഗ്രഹം. തൊടുപുഴ കുടുംബ കോടതിയിലെ കേസുകളാണ് സിസ്റ്റർ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. കോൺഗ്രിഗേഷനിൽ എട്ട് പേർ വക്കീൽ കുപ്പായം അണിഞ്ഞിട്ടുണ്ടെങ്കിലും കോതമംഗലം പ്രോവിൻസിൽ സിസ്റ്റർ ജോസിയ മാത്രമേയുള്ളൂ. മുട്ടം കോടതിയിൽ ഒരു കന്യാസ്ത്രീ വക്കീൽ കേസ് വാദിക്കാനെത്തുന്നത് ആദ്യമായാണ്. സിസ്റ്ററിന്റെ നിസ്തുല സേവനം ഇന്നു അനേകരുടെ കണ്ണീരൊപ്പുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.