റിയാദ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൗദി അറേബ്യയും യു.എ.ഇയും സന്ദര്‍ശിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍, യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം പുടിന്‍ നടത്തുന്ന ശ്രദ്ധേയമായ വിദേശ യാത്രയാണിത്. ഈ ആഴ്ച പുടിന്‍ അബുദാബിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
2019ന് ശേഷം ആദ്യമായായാണ് പുടിന്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തുന്നത്. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ രണ്ട് രാജ്യങ്ങളിലെയും സന്ദര്‍ശനം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. യു.എ.ഇ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പുടിന്‍ സൗദി അറേബ്യയിലേക്ക് പോകുക.
ദുബായില്‍ ലോക കാലാവസ്ഥ ഉച്ചകോടിക്ക് യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പുടിന്റെ സന്ദര്‍ശനം. അതേസമയം മിക്ക ലോക നേതാക്കളും യു.എ.ഇയില്‍ നിന്നും പോയ ശേഷമാണ് പുടിന്‍ അബുദാബിയിലേക്ക് എത്തുന്നത്. ഉപരോധങ്ങള്‍ക്കിടയില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഒഴിവായ നിരവധി റഷ്യന്‍ കമ്പനികളുടെ കേന്ദ്രമായി യു.എ.ഇ മാറിയിട്ടുണ്ട്.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചയാവും. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസില്‍ സൗദി അറേബ്യ, യുഎഇ, റഷ്യ രാജ്യങ്ങള്‍ അംഗങ്ങളായതിനാല്‍ എണ്ണ ഉത്പാദന-വിതരണ നയങ്ങളും ചര്‍ച്ചയ്ക്ക് വരും. മാസങ്ങളായി എണ്ണ ഉത്പാദനം ഒപെക് രാജ്യങ്ങള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇത് നീട്ടാനും കൂടുതല്‍ ശക്തമാക്കാനും കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.
റിയാദിലെത്തുന്ന പ്രസിഡന്റ് പുടിന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി വ്യാപാരം, സമ്പദ് വ്യവസ്ഥ, നിക്ഷേപം എന്നിവയിലെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന ക്രെംലിന്‍ പത്രപ്രസ്താവനയില്‍ അറിയിച്ചു.
യുദ്ധാനന്തരം ഗാസ മുനമ്പിലെ സുരക്ഷയ്ക്ക് അന്താരാഷ്ട്ര സേനയെ നിയോഗിക്കണമെന്ന ആശയം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച നിരസിച്ചിരുന്നു. യുദ്ധശേഷം നിയന്ത്രണം ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നിലനിര്‍ത്തുമെന്ന് ബുധനാഴ്ച സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയം പുടിന്റെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവുമെന്നും നിരീക്ഷിക്കപ്പെടുന്നു.
ക്രൂഡ് ഓയില്‍ വില ഉയര്‍ത്താനുള്ള ഏതെങ്കിലും തരത്തിലുമുള്ള നടപടികള്‍ പുടിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടാകുമോയെന്നും ലോകം വീക്ഷിക്കുന്നുണ്ട്. അത്തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടെങ്കില്‍ അത് ഇന്ത്യ ഉള്‍പ്പെടേയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് അത് വലിയ തിരിച്ചടിയായി മാറിയേക്കും.
ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം അപൂര്‍വ്വമായി മാത്രമാണ് പുടിന്‍ വിദേശ യാത്ര നടത്തുന്നത്. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അദ്ദേഹത്തിനെതിരെ മാര്‍ച്ചില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതാണ് അദ്ദേഹത്തിന്റെ രാജ്യത്തിന് പുറത്തുള്ള യാത്രയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.