ക്രൈസ്തവ പീഡനത്തില്‍ ഉത്തര്‍പ്രദേശ് മുന്നില്‍; അകാരണമായി അറസ്റ്റിലായത് നാനൂറോളം പേര്‍

 ക്രൈസ്തവ പീഡനത്തില്‍ ഉത്തര്‍പ്രദേശ് മുന്നില്‍; അകാരണമായി അറസ്റ്റിലായത് നാനൂറോളം പേര്‍

ലക്‌നൗ: രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ പീഡനം ഏറ്റവുമധികം അരങ്ങേറുന്നത് ഉത്തര്‍പ്രദേശില്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഏതാണ്ട് നാനൂറോളം ക്രൈസ്തവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന 398 പേരില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരും വിശ്വാസികളും വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്. തടവിലാക്കപ്പെട്ടിരിക്കുന്നവരില്‍ ഒരു കത്തോലിക്കാ വൈദികനു പുറമെ പുറമേ 318 പുരുഷന്‍മാരും 80 സ്ത്രീകളും ഉള്‍പ്പെടുന്നു. 2020 നവംബര്‍ 27 മുതല്‍ 2023 നവംബര്‍ 27 വരേയുള്ള കണക്കുകളാണിത്.

'യുസിഎ ന്യൂസ്' ആണ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നിയമ പോരാട്ടം തുടരുകയാണ്. അലഹാബാദ് രൂപതയുടെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടറായ ഫാ. ബാബു ഫ്രാന്‍സിസ് ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മതപരിവര്‍ത്തന വിരുദ്ധ നിയമം തീവ്ര ഹിന്ദുത്വവാദി സംഘടനകള്‍ക്ക് ക്രൈസ്തവരെ ആക്രമിക്കുന്നതിനുള്ള ഒരുപകരണമായി മാറി. വ്യാജ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ആളുകളെ ജയിലില്‍ അടക്കുകയാണെന്ന് ക്രൈസ്തവര്‍ക്കു നീതി ലഭ്യമാക്കുവാന്‍ സഹായിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റി ഇന്‍ കംപാഷന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ മിനാക്ഷി സിങ്് പറഞ്ഞു.

കര്‍ക്കശമായ ഈ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും ആത്മാവിനും എതിരാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി സ്റ്റേറ്റ് മൈനോരിറ്റി കമ്മീഷനിലെ മുന്‍ അംഗമായ എ.സി മൈക്കേലും ഈ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയില്‍ 140 കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2.3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. 20 കോടിയോളം വരുന്ന ഉത്തര്‍പ്രദേശിലെ ജനസംഖ്യയിലെ ക്രൈസ്തവര്‍ വെറും 0.18 ശതമാനമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.